തിരുവനന്തപുരം: മോൻസൻ മാവുങ്കൽ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകില്ല. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് കാണിച്ച് കെ സുധാകരൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കത്ത് നൽകി.

ദിവസങ്ങൾക്ക് മുൻപാണ് കേസിൽ 18ന് കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സുധാകരന് ഇഡി നോട്ടീസ് നൽകിയത്. പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടാണ് ഇഡി അന്വേഷിക്കുന്നത്. നേരത്തെ കേസിൽ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിദേശത്ത് നിന്നുമെത്തുന്ന രണ്ടരലക്ഷം കോടി രൂപ കൈപ്പറ്റാൻ ഡൽഹിയിലെ തടസങ്ങൾ നീക്കാൻ കെ സുധാകരൻ ഇടപെടുമെന്നും ഇത് ചൂണ്ടിക്കാട്ടി 25ലക്ഷം രൂപ വാങ്ങി മോൻസൺ വഞ്ചിച്ചുവെന്നും കെ സുധാകരൻ പത്ത് ലക്ഷം രൂപ കൈപ്പറ്റിയെന്നുമാണ് കേസ്.

മോൻസന് പണം കൈമാറുമ്പോൾ കെ സുധാകരൻ അവിടെയുണ്ടായിരുന്നതായി പരാതിക്കാരൻ മൊഴിനൽകിയിട്ടുണ്ട്. കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇഡിയും കേസെടുത്തിരിക്കുന്നത്.