തിരുവനന്തപുരം: വ്യത്യസ്ത ചേരിയിലാണെങ്കിലും ശരി പറയാനുള്ള കരുത്തുണ്ടായിരുന്ന നേതാവായിരുന്നു കാനം രാജേന്ദ്രനെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. 'സ്വന്തം മുന്നണിയെയും വിമർശിച്ച നേതാവായിരുന്നു കാനം. അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണ്'. സുധാകരൻ കൂട്ടിച്ചേർത്തു.

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശക്തമായ നേതൃത്വം കെടുത്ത നേതാവായിരുന്നു കാനമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിസന്ധികളിൽ തളരാതെ കമ്യൂണിസ്റ്റ് ആശയങ്ങൾ ഉയർത്തിപ്പിടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യം ഒരു കൂസലുമില്ലാതെ ആരുടെ മുഖത്ത് നോക്കി പറയാൻ ഒരു മടിയും അദ്ദേഹം കാണിച്ചിരുന്നില്ല. 1982-ൽ ഞങ്ങൾ ഒരുമിച്ചാണ് നിയമസഭയിൽ എത്തിയത്. പ്രതിപക്ഷ ബഹുമാനവും കാത്തുസൂക്ഷിച്ചിരുന്ന കാനം എന്നും ഉറച്ച ഒരു കമ്യൂണിസ്റ്റ് കാരനായിരുന്നു. കാനത്തിന്റെ തികച്ചും അപ്രതീക്ഷിതമായ ദേഹവിയോഗംസംബന്ധിച്ച വാർത്ത ഞെട്ടലോടെയാണ് താൻ ശ്രവിച്ചത്'. കാനത്തിന്റെ വേർപാടിൽ ബന്ധുമിത്രാതികളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.

ഹൃദയാഘാതത്തെതുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു കാനം രാജേന്ദ്രൻ അന്തരിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് അദ്ദേഹം അവധിയിലായിരുന്നു. പിന്നീടാണ് കാനത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2015 മുതൽ സിപിഐ സംസ്ഥാന സെക്രട്ടറിയാണ്. കാനത്തിന്റെ കാലിന് അപകടത്തിൽ പരിക്കേൽക്കുകയും അണുബാധയെ തുടർന്ന് അടുത്തിടെ കാൽപാദം മുറിച്ചുമാറ്റുകയും ചെയ്തിരുന്നു.