കണ്ണൂർ: സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കോൺഗ്രസ് പ്രസ്ഥാനത്തെ പ്രാണവായുപോലെ സ്‌നേഹിച്ച സഹോദരതുല്യനായ പൊതുപ്രവർത്തകനായിരുന്നു സതീശനെന്ന് അദ്ദേഹം പറഞ്ഞു. ആത്മാർത്ഥത, ഊർജ്ജസ്വലത, സത്യസന്ധത എന്ന വാക്കുകളുടെ പര്യായമായി സതീശൻ പാച്ചേനിയെന്ന് രേഖപ്പെടുത്തിയാൽ ഒട്ടും അതിശയോക്തിയില്ലെന്നും സുധാകരൻ പറഞ്ഞു. കോൺഗ്രസ് ആശയവും ആദർശവും ജീവിതത്തിൽ പകർത്താൻ ശ്രമിച്ചതിന്റെ പേരിൽ സ്വന്തം കുടുംബത്ത് നിന്നും പടിയിറക്കപ്പെട്ടിട്ടും തളരാതെ പോരാടി ത്യാഗനിർഭരമായ ജീവിതം നയിച്ച പൊതുപ്രവർത്തകനാണ് സതീശൻ.പ്രതിസന്ധിഘട്ടങ്ങളിൽ പാർട്ടിയുടെ താങ്ങും തണലുമായി മാറാൻ സതീശന് കഴിഞ്ഞു.

കിടപ്പാടം പണയം വെച്ചും പാർട്ടിക്ക് ആസ്ഥാന മന്ദിരം നിർമ്മിക്കാൻ ഓടിനടന്ന സതീശൻ കോൺഗ്രസ് പ്രവർത്തകർക്ക് എന്നും വികാരമാണ്. തിരഞ്ഞെടുപ്പ് മത്സര രംഗത്ത് അടിപതറിയെങ്കിലും അവയെല്ലാം ചരിത്ര രേഖകളിൽ ഇടം പിടിച്ചവയാണ്. സിപിഎമ്മിന്റെ ശക്തിദുർഗങ്ങളിൽ വി എസ് അച്യുതാനന്ദനെ പോലുള്ള കരുത്തരായ എതിരാളികളുമായാണ് സതീശൻ ഏറ്റുമുട്ടിയത്. അവർക്കെല്ലാം സതീശനെ പരാജയപ്പെടുത്താൻ നന്നേ വിയർപ്പൊഴുക്കേണ്ടി വന്നത് അദ്ദേഹത്തിന്റെ പ്രവർത്തന പാരമ്പര്യത്തിന്റെയും സംഘടനാ മികവിന്റെയും പ്രത്യേകതയാണ്. തോൽവികളിൽ തളരാത്ത ധീരയോദ്ധാവായിരുന്നു സതീശൻ. ആദർശ രാഷ്ട്രീയം ജീവിതാവസാനം വരെ കൈമോശം വരാത്ത പൊതുപ്രവർത്തകൻ.

ഒരമ്മപെറ്റതല്ലെങ്കിലും സുധാകരേട്ട എന്ന വിളിക്കുമപ്പുറം ആത്മാർത്ഥമായ സ്‌നേഹം ഉള്ളിലൊളിപ്പിച്ച കൂടപ്പിറപ്പായിരുന്നു എന്റെ സതീശൻ. നേരിൽ കാണുമ്പോഴെല്ലാം സംഘടനാകാര്യത്തോടൊപ്പം കുടുംബവിശേഷവും പങ്കുവെയ്ക്കാറുണ്ടായിരുന്നു. സതീശന്റെ ആരോഗ്യകാര്യങ്ങളിൽ ഞാൻ ആശങ്ക പങ്കുവെച്ചപ്പോഴെല്ലാം അതൊന്നും പ്രശ്‌നമില്ലെന്ന് പറഞ്ഞ് എന്നെ ആശ്വസിപ്പിച്ച പ്രിയ അനുജൻ. അവന്റെ പോരാട്ട വിര്യം തൊട്ടടുത്ത് നിന്ന് കണ്ടറിഞ്ഞിട്ടുള്ള ഞാൻ ഈ പ്രതിസന്ധിയേയും അതിജീവിക്കുമെന്ന് ആത്മാർത്ഥമായി കരുതി.

എന്നാലത് പാഴായി, സതീശൻ ഇനിയൊരിക്കലും തിരിച്ചുവരില്ലെന്ന ഓർമ്മപ്പെടുത്തൽ ഒരു വല്ലാത്ത വിങ്ങലായി മനസ്സിൽ നീറിപ്പുകയുന്നു. സതീശൻ പാച്ചേനിയുടെ അകാല വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിന് നികത്താൻ കഴിയാത്തതാണ്. സതീശന്റെ വേർപാട് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. സതീശന്റെ വിയോഗത്തിൽ വേദനിക്കുന്ന കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം ആ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നവെന്നും സുധാകരൻ പറഞ്ഞു.