- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹകരണ സംഘങ്ങളെ കൊള്ളയടിച്ചും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഞെക്കിപ്പിഴിഞ്ഞും നവകേരള സദസ് നടത്തുന്നു; തട്ടിപ്പിന്റെ പുതിയ മുഖമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും ആഘോഷമാക്കാൻ ഒരുങ്ങുന്ന നവകേരള സദസിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സഹകരണ സംഘങ്ങളെ കൊള്ളയടിച്ചും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ഞെക്കിപ്പിഴിഞ്ഞും എൽ.ഡി.എഫ് സർക്കാർ നടത്തുന്ന നവ കേരള സദസ് ജനരോഷത്തിൽ നിന്ന് തടിതപ്പി കണ്ണിൽപ്പൊടിയിടാനുള്ള തന്ത്രമാണെന്ന് സുധാകരൻ കുറ്റപ്പെടുത്തി. നവകേരള സദസിന്റെ പേരിൽ അധികാര ദുർവിനിയോഗവും ധൂർത്തുമാണ് നടത്തുന്നത്.
സാധാരണക്കാരന്റെ നിക്ഷേപം കൊണ്ട് പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകളിൽ നിന്നും എത്ര തുകവേണമെങ്കിലും നവ കേരള സദസിന് സംഭാവന നൽകാൻ അനുവാദം നൽകുന്ന സഹകരണ വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും ക്വാട്ട നിശ്ചയിച്ച് ഫണ്ട് നൽകണമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെയും ഉത്തരവ് അതിന് തെളിവാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സഹകരണ-തദ്ദേശ സ്വയംഭരണ മേഖലയെ തകർക്കുകയാണ് പിണറായി സർക്കാർ.
മൊട്ടുസൂചി വാങ്ങാൻ പോലും കാശില്ലാത്ത ഖജനാവിനെ സൃഷ്ടിച്ച സർക്കാരിന്റെ പിആർ എക്‌സർസൈസിന്റെ ഭാഗമാകേണ്ട ആവശ്യം യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശ -സ്വയംഭരണ സ്ഥാപനങ്ങൾക്കില്ലെന്നും അതുകൊണ്ട് നവ കേരള സദസുമായി യു.ഡി.എഫ് ഭരണസമിതികൾ സഹകരിക്കുകയോ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഒരു സഹകരണ സംഘങ്ങളും നവ കേരളസദസിന് വേണ്ടി പണം നൽകുകയോയില്ല. അതിന് കടകവിരുദ്ധമായി ആരെങ്കിലും പ്രവർത്തിച്ചാൽ കർശന നടപടിയെടുക്കുമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി.
കോടികളുടെ നിക്ഷേപ കൊള്ള നടത്തിയതിന് പിന്നാലെയാണ് സർക്കാരിന്റെ പ്രതിച്ഛായ നിർമ്മിതിക്കുള്ള തിരഞ്ഞെടുപ്പ് പ്രചരണ മാമാങ്കത്തിന്റെ പേരിൽ സഹകരണ സംഘങ്ങളുടെ പണം തട്ടിയെടുക്കാൻ ഇതുപോലൊരു ഉത്തരവ് സർക്കാർ ഇറക്കിയത്. സർക്കാരിന്റെ ആർഭാടത്തോടെയുള്ള പ്രതിച്ഛായ നിർമ്മിതിക്കാണ് വിവിധ സർക്കാർ-സഹകരണ സ്ഥാപനങ്ങളുടെ ഫണ്ട് കൈയിട്ട് വാരുന്നത്. സിപിഎമ്മിന്റെയും എൽ.ഡി.എഫിന്റെയും തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനം സാധാരണക്കാരന്റെ നികുതിപ്പണം ഉപയോഗിച്ചല്ല നടത്തേണ്ടതെന്നും സുധാകരൻ പറഞ്ഞു.



