തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരരിനെ അറസ്റ്റ് ചെയ്ത നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും യഥാര്‍ത്ഥ പ്രതികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ ആരോപിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് മകരവിളക്ക് കാലത്ത് തന്ത്രിയെ ജയിലിലടച്ചത്. ക്ഷേത്രത്തിലെ ആചാരലംഘനമാണ് തന്ത്രി ചെയ്ത കുറ്റമെങ്കില്‍, നവോത്ഥാനത്തിന്റെ പേരില്‍ ആക്ടിവിസ്റ്റുകളെ ശബരിമലയില്‍ കയറ്റിയ മുഖ്യമന്ത്രി പിണറായി വിജയനെയാണ് ആദ്യം അറസ്റ്റ് ചെയ്യേണ്ടത്. തന്ത്രിക്ക് ഈ ഇടപാടില്‍ സാമ്പത്തിക ലാഭം ലഭിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഒരിടത്തുമില്ല. ക്ഷേത്ര സ്വത്തുക്കളുടെ സംരക്ഷണം ദേവസ്വം ബോര്‍ഡിന്റെ ചുമതലയായിരിക്കെ തന്ത്രിയെ മാത്രം പ്രതിയാക്കുന്നത് ദുരൂഹമാണ്. ഗൂഢാലോചനയുടെ കേന്ദ്രസ്ഥാനത്തുള്ള മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുന്‍ ബോര്‍ഡ് പ്രസിഡന്റ് പ്രശാന്തിനെയും ഉടന്‍ അറസ്റ്റ് ചെയ്യണം.

കേവലമൊരു സ്വര്‍ണ്ണമോഷണമല്ല, അന്താരാഷ്ട്ര തലത്തിലുള്ള വിഗ്രഹക്കച്ചവടമാണ് ശബരിമലയില്‍ നടന്നത്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയാ ഗാന്ധിയെ സമീപിച്ചത് പുരാവസ്തു ഇടപാടുകള്‍ക്കാണ്. സോണിയയുടെ സഹോദരിക്ക് ഇറ്റലിയില്‍ പുരാവസ്തു കച്ചവട സ്ഥാപനമുണ്ടെന്നത് എവിടെയും തെളിയിക്കാന്‍ താന്‍ തയ്യാറാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. അയ്യപ്പ വിഗ്രഹത്തിന് ചുറ്റുമുള്ള ഗോളകയും വ്യാളി രൂപങ്ങളും നഷ്ടപ്പെട്ടത് വിഗ്രഹമോഷ്ടാക്കളുടെ ഇടപെടലിന് തെളിവാണ്. യുഡിഎഫ് നേതാക്കളായ അടൂര്‍ പ്രകാശും ആന്റോ ആന്റണിയും എന്തിനാണ് പ്രതിയെ സന്ദര്‍ശിച്ചതെന്ന് വ്യക്തമാക്കണം.

കടകംപള്ളിയെയും പ്രശാന്തിനെയും അറസ്റ്റ് ചെയ്യുന്നതിനൊപ്പം സോണിയാ ഗാന്ധിയില്‍ നിന്ന് മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തയ്യാറാകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.