തിരുവനന്തപുരം: സംസ്ഥാനത്ത് പ്രത്യേക ഉദ്ദേശത്തോടെ വിഷം ചീറ്റുന്നത് പിണറായി വിജയനും, അനുകൂലികളുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാന സർക്കാരിനെതിരെയുള്ള ബിജെപിയുടെ സെക്രട്ടറിയറ്റ് വളയൽ സമരത്തിൽ സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രൻ.

''മിസ്റ്റർ പിണറായി വിജയൻ, ഇവിടെ ആരാണ് വിഷം ചീറ്റുന്നത്? ഇവിടെ പ്രത്യേക ഉദ്ദേശത്തോടെ വിഷം ചീറ്റുന്നത് പിണറായി വിജയനും നിങ്ങളെ അനുകൂലിക്കുന്നവരുമാണ്. എൽഡിഎഫും, യുഡിഎഫുമാണ്. വിദേശരാജ്യത്ത് നടക്കുന്ന ഒരു യുദ്ധത്തിന്റെ മറവിൽ കേരളത്തിൽ ഹമാസിനു പരവതാനി വിരിക്കുന്നത് മറ്റാരുമല്ല. വിദ്വേഷം ഇവിടെ പ്രചരിപ്പിക്കുന്നത് നിങ്ങളാണ്. സ്നേഹത്തിന്റെ കടയിൽ കച്ചവടം നടത്തുന്നത് എൽഡിഎഫും യുഡിഎഫുമാണ്.

യുഡിഎഫിലെ ഒരു പ്രധാനഘടകകക്ഷി സംഘടിപ്പിച്ച മഹാറാലിയിൽ ഹമാസ് ഭീകരർ ഭഗത് സിങ്ങിനെ പോലെയും ചന്ദ്രശേഖർ ആസാദിനെ പോലെയുമാണെന്നു പറയാൻ ധൈര്യം കാണിച്ചത്, മിസ്റ്റർ പിണറായി വിജയൻ നിങ്ങൾ മുഖ്യമന്ത്രി ആയിരിക്കുന്നതുകൊണ്ടാണ്. നിങ്ങളുടെ നേതാക്കന്മാരാണ് ഹമാസിനെ വെള്ളപൂശുന്നത്. ഫലസ്തീനിനെ അനുകൂലിക്കുന്നെന്ന മറവിൽ നിങ്ങൾ ഹമാസ് അനുകൂല പ്രകടനങ്ങളാണു നടത്തുന്നത്. ആയിരങ്ങളെ കൊന്നൊടുക്കിയ ഹമാസിനെ എന്തിനാണു നിങ്ങൾ വെള്ളപൂശുന്നത്.