തിരുവനന്തപുരം: ആലുവയിൽ ഇതരസംസ്ഥാനക്കാരിയായ എട്ടുവയസുകാരിയെ മാതാപിതാക്കളുടെ അരികിൽ നിന്നും തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച സംഭവം കേരളത്തിന് നാണക്കേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കൊച്ചുകുട്ടികൾക്ക് പോലും ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ആഭ്യന്തരവകുപ്പ് പൂർണമായും പരാജയപ്പെട്ടു കഴിഞ്ഞു. പിണറായി വിജയൻ ആഭ്യന്തരമന്ത്രി സ്ഥാനം ഒഴിയണം. വീടിനുള്ളിൽ പോലും നമ്മുടെ പെൺമക്കൾക്ക് രക്ഷയില്ലെന്ന അവസ്ഥായി കഴിഞ്ഞു. ആലുവയിൽ അഞ്ചരവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊല ചെയ്ത സംഭവത്തിന്റെ നടുക്കം മാറും മുമ്പാണ് അടുത്ത ഹൃദയഭേദകരമായ വാർത്ത വന്നിരിക്കുന്നത്. അതിഥികളെന്ന് വിളിച്ച് കൊട്ടിഘോഷിച്ച് ഇതരസംസ്ഥാന തൊഴിലാളികളെ കേരളത്തിലേക്ക് ക്ഷണിക്കുന്ന സർക്കാർ അവരുടെ പിഞ്ചുമക്കളെ വേട്ടക്കാർക്ക് എറിഞ്ഞുകൊടുക്കുകയാണ്.

കഴിഞ്ഞ ദിവസം യുപിയിൽ അദ്ധ്യാപിക മർദ്ദിച്ച വിദ്യാർത്ഥിയെ കേരളത്തിൽ പഠിപ്പിക്കുമെന്ന് പറഞ്ഞ സർക്കാർ ആദ്യം ഇവിടെയുള്ള കുട്ടികൾക്ക് സുരക്ഷയൊരുക്കുകയാണ് വേണ്ടത്. ഇതരസംസ്ഥാനക്കാർക്കെതിരെ സംസ്ഥാനത്ത് അക്രമങ്ങൾ ആവർത്തിക്കപ്പെടുകയാണ്. കേരളത്തിൽ ക്രിമിനലുകളും ലഹരി മാഫിയകളും അഴിഞ്ഞാടുമ്പോഴും പൊലീസ് ഉറങ്ങുകയാണ്.

യുപി മോഡലിൽ ശക്തമായ നടപടികളെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. കുറ്റവാളികൾക്ക് ഭരണകൂടത്തിന്റെ സഹായങ്ങൾ ലഭിക്കുന്നതുകൊണ്ടാണ് തുടർച്ചയായി ഇത്തരം സംഭവങ്ങൾ ഉണ്ടാവുന്നത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം ഇപ്പോൾ ക്രിമിനലുകളുടെ സ്വന്തം നാടായി മാറിക്കഴിഞ്ഞു. പീഡനത്തിന്റെയും ബലാത്സംഗത്തിന്റെയും കാര്യത്തിൽ രാജസ്ഥാനുമായി മത്സരിക്കുകയാണ് കേരളമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.