തൃശൂര്‍: ലൈംഗികപീഡനാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് വൈകിച്ച് തെളിവുകള്‍ നശിപ്പിക്കാനുള്ള അവസരമൊരുക്കുകയാണെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. 15 പെണ്‍കുട്ടികളെയും ഒരു ആണ്‍കുട്ടിയെയും രാഹുല്‍ പീഡിപ്പിച്ചിട്ടുണ്ടെന്നും പരാതികള്‍ പുറത്തുവരാതിരിക്കാന്‍ അതിജീവിതകളില്‍ സമ്മര്‍ദം ചെലുത്തിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

''ഇത് ഒറ്റപ്പെട്ട സംഭവമല്ല. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പുറത്തുവന്നിരിക്കുന്നത്. കേരളത്തിന് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണിത്. അറസ്റ്റ് വൈകുന്നതിലൂടെ രാഹുല്‍ മാങ്കൂട്ടത്തിലിന് രക്ഷപ്പെടാനുള്ള പഴുതുകള്‍ ഒരുക്കുകയാണോ എന്ന സംശയം ബലപ്പെടുകയാണ്. രാഹുലിന് സംരക്ഷണം ഒരുക്കുന്നത് കോണ്‍ഗ്രസില്‍ പുതിയതായി രൂപംകൊണ്ട അധോലോക സംഘമാണ്.

രാഹുല്‍ മുങ്ങിയതിന് പിന്നില്‍ ഉന്നതരുടെ പങ്ക് വ്യക്തമാണ്. രാഹുലിന് എതിരായി മുന്‍പ് വന്നിട്ടുള്ള പല കേസുകളിലും സംരക്ഷണം ലഭിച്ചിരുന്നു. സംഘടിത കുറ്റകൃത്യമാണ് നടന്നത്. ഇരകള്‍ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ടെന്ന ഗുരുതരമായ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആണ്‍കുട്ടിയും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ സംഭവത്തിന്റെയും തെളിവുകള്‍ പൊലീസിന്റെ പക്കലുണ്ട്. കുറ്റകൃത്യത്തിനു പിന്നിലുള്ള എല്ലാവരെയും പുറത്തുകൊണ്ടുവരണം. എംഎല്‍എ ആയിട്ടുള്ള ഒരാളെ ഇതുവരെ കണ്ടെത്താനായില്ല എന്ന പ്രതികരണം വിശ്വാസയോഗ്യമല്ല. ആരൊക്കെയോ അദ്ദേഹത്തെ മുങ്ങാന്‍ സഹായിച്ചിട്ടുണ്ടാകാം. സാധാരണ കേസുകള്‍ കൈകാര്യം ചെയ്യുന്നതുപോലെയല്ല ഈ വിഷയത്തെ സമീപിക്കേണ്ടത്'' കെ.സുരേന്ദ്രന്‍ പറഞ്ഞു.