തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ കണ്ടത് ശക്തമായ സഹതാപ തരംഗവും ഭരണവിരുദ്ധ വികാരവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉമ്മൻ ചാണ്ടിക്ക് അനുകൂലമായ ഒരു ശക്തമായ സഹതാപ തരംഗം മണ്ഡലത്തിലുണ്ടായിരുന്നു. കോൺഗ്രസിന്റെ ഏറ്റവും ജനകീയ നേതാവ് ഉമ്മൻ ചാണ്ടിയുടെ മരണത്തിന് 40 ദിവസം പിന്നിടുമ്പോഴുണ്ടായ ഉപതിരഞ്ഞെടുപ്പിനെ ജനങ്ങൾ ആ നിലയിൽ കണ്ടു.

ശക്തമായ ഭരണവിരുദ്ധ വികാരമാണ് രണ്ടാമത്തെ ഘടകം. പിണറായി വിജയനെ എങ്ങനെയെങ്കിലും പാഠം പഠിപ്പിക്കണമെന്ന വികാരമുണ്ടായി. മാസപ്പടിയും അഴിമതിയും ഓണക്കാലത്ത് വരെ ഉണ്ടായപ്പോൾ പിണറായി വിജയനെതിരെ ഒരു ആയുധമായി ജനങ്ങൾ ഉപയോഗിച്ചു. വലിയ തകർച്ചയാണ് എൽഡിഎഫിന് ഉണ്ടാകാൻ പോകുന്നത്. ഇന്ത്യ മുന്നണിയിൽ രണ്ട് മുന്നണികൾക്ക് ഇനി പ്രക്തിയില്ല. രാഹുൽ ഗാന്ധി നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണിയിൽ ഇടതുപക്ഷത്തിന് എന്ത് പ്രസക്തി എന്ന് ജനം ചോദിക്കുന്നു.

തൃക്കാക്കരയിലും അരുവിക്കരയിലും എല്ലാം ഇതേ രീതിയിലുള്ള വോട്ടിങ് പാറ്റേൺ കാണാം. പാലായിലൊഴികെ എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും ഈ പാറ്റേണാണ് കണ്ടിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.