- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം സെന്‍ട്രലില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: സി. കവടിയാര്‍ ധര്‍മ്മന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; ആന്റണി രാജുവും അംഗീകരിച്ചു; സീറ്റ് കേരളാ കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗത്തിന്; സുരേന്ദ്രന്‍ പിള്ളയ്ക്ക് നിരാശ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തലസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ തിരുവനന്തപുരം സെന്‍ട്രല്‍ നിയോജക മണ്ഡലത്തില്‍ ഇടതുമുന്നണിക്ക് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി. മണ്ഡലത്തിലെ സിറ്റിംഗ് എംഎല്‍എയായ ആന്റണി രാജുവിന് പകരം, കേരള കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗം ഉന്നതാധികാര സമിതി അംഗവും കേരള ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ഡയറക്ടറുമായ കവടിയാര്‍ ധര്‍മ്മന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടും. പ്രമാദമായ തൊണ്ടിമുതല്‍ കേസില്‍ കുരുങ്ങിയതാണ് ആന്റണി രാജുവിന് സീറ്റ് നഷ്ടമാകാന്‍ പ്രധാന കാരണമായത്.
മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാന്‍ കോടതിയിലെ തൊണ്ടിമുതലായ അടിവസ്ത്രം (ജട്ടി) വെട്ടിചെറുതാക്കി കൃത്രിമം കാണിച്ചെന്ന കേസാണ് ആന്റണി രാജുവിന്റെ രാഷ്ട്രീയ ഭാവിക്ക് മങ്ങലേല്‍പ്പിച്ചത്. ഈ കേസില്‍ കോടതി നടപടികള്‍ നേരിടുന്ന സാഹചര്യത്തില്‍, വീണ്ടും സ്ഥാനാര്‍ത്ഥിയാകുന്നത് മുന്നണിക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് എല്‍ഡിഎഫ് നേതൃത്വം വിലയിരുത്തി. തുടര്‍ന്നാണ് മണ്ഡലത്തില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ തീരുമാനിച്ചത്. തന്റെ സ്ഥാനാര്‍ത്ഥിത്വം വിവാദമാകുമെന്ന തിരിച്ചറിവില്‍ ആന്റണി രാജുവും ഈ മാറ്റത്തിന് പൂര്‍ണ്ണ സമ്മതം നല്‍കിയിട്ടുണ്ടെന്നാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന.
ആന്റണി രാജുവിന് സീറ്റ് നഷ്ടമാകുന്ന സാഹചര്യത്തില്‍, മണ്ഡലത്തില്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്ന നേതാവായിരുന്നു വി. സുരേന്ദ്രന്‍ പിള്ള. എന്നാല്‍ സ്‌കറിയാ തോമസ് വിഭാഗത്തിന് സീറ്റ് നല്‍കാനുള്ള എല്‍ഡിഎഫിന്റെ അപ്രതീക്ഷിത നീക്കം അദ്ദേഹത്തിന് കനത്ത തിരിച്ചടിയായി. ഇതോടെ സുരേന്ദ്രന്‍ പിള്ളയ്ക്ക് ഇത്തവണ മത്സരരംഗത്ത് ഉണ്ടാകില്ലെന്ന് ഉറപ്പായി.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ അവസാന ഘട്ടത്തിലാണ് തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് സ്‌കറിയാ തോമസ് വിഭാഗത്തിന് നല്‍കാനുള്ള നിര്‍ണ്ണായക തീരുമാനം എല്‍ഡിഎഫ് കൈക്കൊള്ളുന്നത്. തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട മണ്ഡലങ്ങളിലൊന്നായ തിരുവനന്തപുരം സെന്‍ട്രലില്‍, രാഷ്ട്രീയ പശ്ചാത്തലമുള്ള സി. കവടിയാര്‍ ധര്‍മ്മന് മികച്ച സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയുമെന്നാണ് ഇടതു പ്രതീക്ഷ.


