പത്തനംതിട്ട : നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ ജില്ലയില്‍ നിന്നും ഒരു വര്‍ഷത്തേക്ക് പുറത്താക്കി. കടപ്ര വളഞ്ഞവട്ടം വാലു പറമ്പില്‍ വീട്ടില്‍ സച്ചിന്‍ വി രാജി(28)നെയാണ് ഒരുവര്‍ഷത്തേക്ക് ജില്ലയില്‍ കടക്കുന്നത് തടഞ്ഞ് ഡി ഐ ജി എസ് അജിതാ ബേഗം ഉത്തരവായത്. കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (കാപ്പ ) വകുപ്പ് 15(1) പ്രകാരം ജില്ലാ പോലീസ് മേധാവിയുടെ 2024 ഡിസംബര്‍ 19 ലെ ശുപാര്‍ശയിന്മേലാണ് ഡി ഐ ജി യുടെ നടപടി. ഇന്നലെ ഉത്തരവ് കൈപ്പറ്റിയ ഇയാള്‍ തൃശൂര്‍ മണ്ണൂത്തി കാളത്തോട്ടേക്ക് താമസം മാറ്റി.

പുളിക്കീഴ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 7 കേസുകളാണ് ഇയാള്‍ക്കെതിരായ നടപടിക്കായി ഡി ഐ ജിക്ക് സമര്‍പ്പിച്ചത്. ഈ കേസുകളെല്ലാം കോടതിയില്‍ വിചാരണയില്‍ തുടരുന്നവയാണ്. പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ 'അറിയപ്പെടുന്ന റൗഡി' ആയ ഇയാള്‍, 2018 മുതല്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട് അടിക്കടി സമാധാനലംഘനം നടത്തിവരികയാണ്. അടിപിടി, കുറ്റകരമായ നരഹത്യാശ്രമം, കൂട്ടായ കവര്‍ച്ച, ലഹളയുണ്ടാക്കുക, സംഘം ചേര്‍ന്നുള്ള ആക്രമണം, ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. റൗഡി ഹിസ്റ്ററി ഷീറ്റ് നിലവിലുണ്ട്.

ഒരു വര്‍ഷത്തേക്ക് നല്ല നടപ്പ് ജാമ്യം ഉത്തരവാകുന്നതിനായി എസ് എച്ച് ഓ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തിരുവല്ല എസ് ഡി എം കോടതിയുടെ വിചാരണയിലാണ്. ബോണ്ട് വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് പുളിക്കീഴ് എസ് എച്ച് ഒ 2022 സെപ്റ്റംബര്‍ 15 ന് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന്, 2023 ഒക്ടോബര്‍ 17 ന് മൂന്ന് വര്‍ഷത്തേക്ക് നല്ല നടപ്പു ജാമ്യത്തിനായി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണനയിലാണ്. ഡി ഐ ജി ഓഫീസില്‍ ഇയാള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നടത്തുകയും നേരില്‍ കേള്‍ക്കുകയും ചെയ്തിരുന്നു.

ഇയാള്‍ പ്രതിയായി ഒടുവില്‍ കേസ് എടുത്തത് 2024 സെപ്റ്റംബര്‍ 21നാണ്. ഈ കേസില്‍ അറസ്റ്റിലാവുകയും തുടര്‍ന്ന് ജാമ്യത്തിലിറങ്ങുകയും ചെയ്തു. തുടര്‍ന്നാണ് നാടുകടത്തല്‍ ഉത്തരവിനായി ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് അയച്ചത്. ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കപ്പെട്ട പ്രതി, ഇത് ലംഘിച്ചാല്‍ കാപ്പ നിയമം വകുപ്പ് 15(4) പ്രകാരം ഇയാള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. അടുത്ത ബന്ധുക്കളുടെ വിവാഹം മരണം തുടങ്ങിയ ചടങ്ങുകളില്‍ ജില്ലാ പോലീസ് മേധാവിയുടെ മുന്‍കൂര്‍ അനുമതിയോടെ ജില്ലയില്‍ പ്രവേശിക്കാവുന്നതാണ്.