കണ്ണൂര്‍: വിജയ ദശമി ദിനത്തില്‍ പൊലീസ് വാഹനത്തിന് പൂജ നടത്തി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. കണ്ണൂരിലെ വീട്ടില്‍ വെച്ചാണ് തന്റെ അകമ്പടി വാഹനത്തിന്റെ പൂജ മന്ത്രി നടത്തിയത്. ഔദ്യോഗിക വാഹനത്തിനും അകമ്പടി വാഹനമായ പൊലീസ് വാഹനത്തിനുമാണ് മന്ത്രി പൂജ നടത്തിയത്.പൂജയുടെ ചിത്രങ്ങള്‍ ചര്‍ച്ചയായതോടെ മന്ത്രിയുടെ ഓഫീസില്‍ നിന്ന് വിശദീകരണം പുറത്തുവന്നിരിക്കുകയാണ്.

എല്ലാ വര്‍ഷവും പൂജ നടത്താറുണ്ടെന്നും വാഹനങ്ങള്‍ പൂജിക്കുന്നതിന്റെ കൂട്ടത്തില്‍ പൊലീസിന്റെ അകമ്പടി വാഹനങ്ങള്‍ കൂടി പൂജിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഓഫീസില്‍ നിന്നുള്ള വിശദീകരണം. പൂജയുടെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുകയാണ്.