തൃശൂര്‍: നെഞ്ച് വേദനയെത്തുടര്‍ന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളെജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. രജിസ്‌ട്രേഷന്‍ വകുപ്പിന്റെ പരിപാടിക്കായി ശനിയാഴ്ച രാവിലെയാണ് മന്ത്രി വന്ദേഭാരതില്‍ തൃശൂരിലെത്തിയത്. നെഞ്ച് വേദന തോന്നിയതിനെത്തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ നിന്ന് ഡോക്റ്റര്‍ എത്തി പരിശോധിച്ചു. ഡോക്റ്ററുടെ നിര്‍ദേശപ്രകാരമാണ് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചത്.

കടന്നപ്പള്ളിയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് പുറത്തുവന്ന മെഡിക്കല്‍ ബുള്ളറ്റിന്‍. ശാരീരിക ബുദ്ധിമുട്ട് തോന്നിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. റവന്യൂ മന്ത്രി രാജനും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും മന്ത്രിയുടെ ആരോഗ്യ നില ഡോക്ടര്‍മാരെ വിളിച്ച് അന്വേഷിക്കുകയും മന്ത്രിയുടെ വിദഗ്ദ്ധചികിത്സ ക്കാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്കുകയും ചെയ്തു. മന്ത്രിയുടെ ചികിത്സക്ക് മേല്‍നോട്ടം വഹിക്കുന്നതിനായി ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട് .