കൊച്ചി: കലാഭവന്‍ നവാസിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് നവാസിന് ഹൃദയാഘാതമുണ്ടായതെന്നും ഇതിന് മുമ്പും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളുണ്ടായിട്ടുണ്ടെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. നെഞ്ച് വേദനയെ തുടർന്ന് ഹോട്ടല്‍ മുറിക്ക് പുറത്തേക്കിറങ്ങി ആരുടേയെങ്കിലും സഹായം തേടാന്‍ ശ്രമിക്കുന്നതിനിടെയാകും കുഴഞ്ഞുവീണതെന്നാണ് നിഗമനം. വീഴ്ച്ചയുടെ ആഘാതത്തില്‍ തലയില്‍ മുറിവുമുണ്ടായിട്ടുണ്ട്. ശനിയാഴ്ച രാവിലെ പത്ത് മണിക്ക് കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്.

കഴിഞ്ഞ ദിവസം കലാഭവൻ നവാസിനെ ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു. വൈകീട്ട് ആറുമണിയോടെ ഹോട്ടലിലെത്തിയെന്നാണ് ജീവനക്കാര്‍ പറയുന്നത്. എട്ട് മണിക്ക് തിരിച്ചുമടങ്ങുമെന്ന് നവാസ് ജീവനക്കാരെ അറിയിച്ചിരുന്നു. സിനിമയിലെ മറ്റു അണിയറ പ്രവര്‍ത്തകരും ഇതേ ഹോട്ടലില്‍ത്തന്നെയാണ് താമസിച്ചിരുന്നത്. എട്ടുമണിക്ക് റൂം ചെക്കൗട്ട് ചെയ്യുമെന്ന് അറിയിച്ച നവാസിനെ ഒന്‍പതു മണിയോടടുത്തിട്ടും പുറത്തുവരുന്നത് കണ്ടില്ല.

ഫോണ്‍ വിളിച്ചിട്ടും എടുത്തില്ല. മറ്റു സഹപ്രവര്‍ത്തകരെല്ലാം ചെക്കൗട്ട് ചെയ്ത് പോവുകയും ചെയ്തു. ഇതോടെയാണ് റൂമില്‍ പോയി നോക്കിയത്. റൂം അകത്തു നിന്നും ലോക്ക് ചെയ്തിരുന്നില്ല. തുറന്നുനോക്കിയപ്പോള്‍ കട്ടിലിനോട് ചേര്‍ന്ന് തറയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടു. സോപ്പും തോര്‍ത്തും വസ്ത്രവുമടക്കം കട്ടിലിലുണ്ടായിരുന്നു. ഉടന്‍തന്നെ അടുത്ത കേന്ദ്രങ്ങളിലായുണ്ടായിരുന്ന സഹപ്രവര്‍ത്തകരെയും കൂട്ടി ആശുപത്രിയിലെത്തിച്ചു. ഹോട്ടലില്‍നിന്ന് കൊണ്ടുപോവുമ്പോള്‍ ശരീരത്തിന് അനക്കമുണ്ടായിരുന്നു. ഒന്‍പതുമണിയോടെയാണ് ആശുപത്രിയിലെത്തി. അപ്പോള്‍ മരണം സ്ഥിരീകരിച്ചു. നടനും നാടക കലാകാരനുമായിരുന്ന അബൂബക്കര്‍ ആണ് നവാസിന്റെ പിതാവ്. നടി രഹ്ന നവാസ് ആണ് ഭാര്യ. 2002-ലാണ് ഇരുവരും വിവാഹിതരാകുന്നത്. മക്കള്‍: നഹറിന്‍, റിദ്‌വാന്‍, റിഹാന്‍.