തിരുവനന്തപുരം: കനകക്കുന്ന് കൊട്ടാര വളപ്പിൽ ഒരുക്കിയിരിക്കുന്ന കട്ട് ഫ്‌ളവർ പുഷ്പവേദിയിൽ കാഴ്ചക്കാരുടെ തിരക്ക്. ദിവസങ്ങളോളം വാടാതെ നിൽക്കുന്ന ഓർക്കിഡ്, ജിഞ്ചർ ജില്ലി, ആന്തൂറിയം, ഹെലികോനിയ, ടൂലിപ്‌സ്, ഹൈഡ്രാഞ്ചിയ തുടങ്ങിയ പുഷ്പങ്ങൾ വിവിധ തരത്തിലാണ് ഇവിടെ അലങ്കരിച്ച് പ്രദർശിപ്പിച്ചിരിക്കുന്നത്. കേരളീയത്തിൽ ഏറെ ജനകീയമായ വേദികളിലൊന്നാണിത്.പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കിയാണ് പ്രദർശനം. തടിയിൽ പണിത ചുണ്ടൻ വള്ളത്തിലും ഈറ കൊണ്ടുണ്ടാക്കിയ മുറം, പായ, വട്ടി എന്നിവയിലുമാണ് വ്യത്യസ്തങ്ങളായ ബൊക്കെകൾ തീർത്തിരിക്കുന്നത്.

ഇതിനു പുറമെ കട്ട് ഫ്‌ളവർ അറേഞ്ച്‌മെന്റ് മത്സരമായും ഇവിടെ നടത്തുന്നുണ്ട്. പരിപാടിയുടെ ആദ്യ രണ്ടു ദിനങ്ങളിൽ പൊതുജനങ്ങൾക്കും ശനിയും ഞായറും വിദ്യാർത്ഥികൾക്ക് വേണ്ടിയുമാണ് മത്സരം. തിങ്കളാഴ്ച വെജിറ്റബിൾ കാർവിങ് മത്സരമാണ്. ഇതിനു പുറമെ കനകക്കുന്നിലെ പ്രവേശനകവാടം മുതൽ ചെടികളുടെ വിപുലമായ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. ഫ്‌ളവർ ഷോ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇവിടെ പുഷ്പോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.