- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റാണ്; അദ്ദഹത്തിന് അധികാരമുണ്ടെങ്കിൽ ധനമന്ത്രിയെ പുറത്താക്കട്ടെ, അപ്പോൾ കാണാം; ഗവർണറുടെ അധികാരത്തെ കുറിച്ച് അദ്ദേഹത്തിന് അറിയില്ലെന്നും കാനം രാജേന്ദ്രൻ
തിരുവനന്തപുരം: ധനമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട ഗവർണർക്ക് അദ്ദേഹത്തിന്റെ അധികാരങ്ങളെ കുറിച്ച് അറിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജനാധിപത്യത്തെയും ഭരണഘടനയെ തന്നെയും ഗവർണർ വെല്ലുവിളിക്കുകയാണെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പ്രതികരിച്ചു.
ഗവർണറുടെ അധികാരത്തെ കുറിച്ച് അദ്ദേഹത്തിന് അറിയില്ല.
ഒരു മന്ത്രിയെ നിയമിക്കാനോ പിരിച്ചുവിടാനോ ഗവർണർക്ക് അധികാരമില്ല. സഭയുടെ നേതാവ് എന്ന നിലയിൽ മുഖ്യമന്ത്രിയാണ് ഗവർണറോട് ശുപാർശ ചെയ്യേണ്ടത്. സർക്കാരിൽ പ്രതിസന്ധിയില്ലെന്നും കാനം പറഞ്ഞു. 'ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റാണ്. അദ്ദഹത്തിന് അധികാരമുണ്ടെങ്കിൽ ധനമന്ത്രിയെ പുറത്താക്കട്ടെ അപ്പോൾ കാണാം', സിപിഐ സെക്രട്ടറി കൂട്ടിച്ചേർത്തു.
ഗവർണർക്കെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് ആലോചിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു മറുപടി. വൈസ് ചാൻസലർമാരോട് രാജി ആവശ്യപ്പെട്ട് ഒരു അവസാന തിയതിയൊക്കെ പറഞ്ഞിരുന്നു. എന്നിട്ട് ഒന്നും സംഭവിച്ചില്ല, ഒരു പക്ഷി പോലും പറന്നില്ല ചിലച്ചില്ല. ഗവർണർ അങ്ങനെ പറഞ്ഞത് തെറ്റാണെന്നാണ് കോടതി പറഞ്ഞത്. നിയമപ്രകാരം മാത്രമേ ആരെയും മാറ്റാനാകൂ. പ്രതിപക്ഷത്തിൽ ഭിന്നതയുണ്ടെന്നും താൽപര്യങ്ങൾ വ്യത്യസ്തമായതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും കാനം രാജേന്ദ്രൻ കൂട്ടിച്ചേർത്തു.
ധനമന്ത്രി കെ എൻ ബാലഗോപാലിലുള്ള പ്രീതി നഷ്ടമായെന്നും സ്ഥാനത്ത് നിന്നും മാറ്റണമെന്നും ആവശ്യപ്പെട്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. ഗവർണറുടെ കത്തിന് മുഖ്യമന്ത്രി മറുപടി നൽകി. ആരോപണത്തിന് ആധാരമായ ധനമന്ത്രിയുടെ പ്രസംഗം ഗവർണറെ അപമാനിക്കുന്നതല്ലെന്ന് മുഖ്യമന്ത്രി നൽകിയ മറുപടിയിൽ പറയുന്നു. യുപിയിലെ ആളുകൾക്ക് കേരളത്തിലെ അവസ്ഥ അറിയില്ലെന്ന കെ എൻ ബാലഗോപാലിന്റെ പരാമർശമാണ് ഗവർണറെ ചൊടിപ്പിച്ചത്.
ക്യാബിനറ്റ് യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഗവർണർക്ക് മറുപടി നൽകിയത്. പ്രസംഗം ഗവർണറെയോ രാജ്ഭവന്റെയോ അന്തസിനെ ഇകഴ്‌ത്തിക്കാണിക്കുന്ന ഒന്നല്ല, അതുകൊണ്ട് തീരുമാനത്തിൽ നിന്നും പിന്നോട്ട് പോകണമെന്നും മറുപടിയിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.




