- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോരിന് തുടക്കമിട്ടത് ഗവർണർ; ജനം വെച്ചുപൊറുപ്പിക്കില്ല; അധികാരം ഇല്ലാത്ത കാര്യങ്ങളാണ് ഗവർണർ ചെയ്യുന്നത്; ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ ഒഴിവാക്കുന്ന കാര്യം എൽഡിഎഫ് ഗൗരവമായി ആലോചിക്കും: കാനം രാജേന്ദ്രൻ
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അധികാരം ഇല്ലാത്ത കാര്യങ്ങളാണ് ഗവർണർ ചെയ്യുന്നത്. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ ഒഴിവാക്കുന്ന കാര്യം എൽഡിഎഫ് ഗൗരവമായി ആലോചിക്കുമെന്നും കാനം പ്രതികരിച്ചു.
ഗവർണർ ചെയ്യുന്നതെല്ലാം ജനം വെച്ച് പൊറുപ്പിക്കില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധിയിൽ ശക്തമായ പ്രക്ഷോഭം തുടരും. സർവകലാശാല ചട്ടങ്ങളിൽ എല്ലാം വ്യക്തമായുണ്ട്. സർക്കാർ-ഗവർണർ പോരിന് സംസ്ഥാനത്ത് സാഹചര്യം ഒരുക്കിയത് ഗവർണറാണ്. രണ്ട് കൈയും കൂട്ടിയടിച്ചാലേ ശബ്ദം ഉണ്ടാകൂ എന്ന് പ്രധാനമായും ഗവർണർ തിരിച്ചറിയണം. ഗവർണറുടെ അന്ത്യശാസനത്തിന്റെ തുടർച്ചയായി ഒന്നും സംഭവിക്കാൻ പോകുന്നല്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
നേരത്തെ, സർവകലാശാല വിസിമാരുടെ രാജി ആവശ്യപ്പെട്ട ഗവർണർക്ക് എതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. ചാൻസലർ പദവി ഗവർണർ ദുരുപയോഗം ചെയ്യുന്നതായി മുഖ്യമന്ത്രി പറഞ്ഞു. സർവകലാശാലകൾക്ക് നേരെ നശീകരണ ലക്ഷ്യത്തോടെയുള്ള യുദ്ധമാണ് ഗവർണർ നടത്തുന്നത്. ഗവർണറുടേത് രാഷ്ട്രീയലക്ഷ്യത്തോടെയുള്ള നടപടിയാണ്. അസ്വാഭാവിക തിടുക്കവും അത്യുത്സാഹവുമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചെയ്യുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഒമ്പതു സർവകലാശാല വൈസ് ചാൻസലർമാരോട് രാജി വെക്കാൻ ആവശ്യപ്പെട്ട ഗവർണറുടെ നടപടി സ്വാഭാവിക നീതിയുടെ ലംഘനമാണ്. അക്കാദമികമായ സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കേണ്ട സർവകലാശാലകളുടെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ഗവർണറുടെ നടപടി. ഇല്ലാത്ത അധികാരം ഉപയോഗിച്ചു കളയാമെന്ന് വിചാരിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അടിസ്ഥാനപരമായ തത്വങ്ങളെയാണ് ചാൻസലർ കൂടിയായ ഗവർണർ മറക്കുന്നത്. ഇതിന്റെ ഭാഗമായാണ് വിസിമാരോട് രാജി ആവശ്യപ്പെട്ടത്. ഇല്ലാത്ത പദവി ദുരുപയോഗിക്കാൻ ചാൻസലർ ശ്രമിക്കുകയാണ്. ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണ് എന്നു മാത്രമല്ല, ജനാദിപത്യത്തിന്റെ അന്തസത്തയെ നിരാകരിക്കുന്നതു കൂടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പാലക്കാട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.




