- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ പേമാരിയും വെള്ളപ്പൊക്കവും; വെള്ളക്കെട്ടിൽ വീണു ഒരാൾ മരിച്ചു; ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് മുകളിൽ മരം പൊട്ടിവീണ് രണ്ടു യാത്രക്കാർക്ക് പരുക്കേറ്റു
കണ്ണൂർ: പേമാരിയിൽ കണ്ണൂർ കോർപറേഷൻ പരിധിയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. അതിനൊപ്പം തണൽമരങ്ങൾ കടപുഴകി വീഴുന്നതും യാത്രക്കാർക്ക് ഭീഷണിയായി മാറി. ബുധനാഴ്ച്ച രാവിലെ മുതൽ കോരിച്ചൊരിഞ്ഞു പെയ്ത മഴയിൽ സംസ്ഥാനത്താദ്യമായി ഇക്കുറി കാലവർഷത്തിൽ ഒരാൾ കണ്ണൂരിൽ മരിച്ചു . കണ്ണൂർ സിറ്റിനാലുവയലിലാണ് വെള്ളക്കെട്ടിൽ വീണ് ഒരാൾ മരിച്ചത്.
നാലുവയലിലെ താഴത്ത് ഹൗസിൽ ബഷീറാ(50)ണ് ബുധനാഴ്ച്ച ഉച്ചയോടെ മരിച്ചത്.വീടിനു മുൻപിലെ വെള്ളക്കെട്ടിൽ കാൽവഴുതി വീണാണ് അപകടമുണ്ടായത്. മൃതദേഹം ജില്ലാആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ കണ്ണൂർ പ്ളാസയ്ക്കു സമീപം ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്കു മുകളിൽ മരം കടപുഴകി വീണു യാത്രക്കാരായ രണ്ടു പേർക്ക് പരുക്കേറ്റു.
ബുധനാഴ്ച്ച വൈകുന്നേരം മൂന്ന് മണിയോടെ രണ്ടുകാറുകൾക്കും ഒരു ഓട്ടോറിക്ഷയ്ക്കും മുകളിലാണ്തണൽ മരം കടപുഴകി വീണത്. ഇരിക്കൂർ സ്വദേശിനി വത്സല, ജിത്തു എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ വാഹനങ്ങൾ തകർന്നിട്ടുണ്ട്. ഫയർഫോഴ്സെത്തിയാണ് മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്.തകർത്തു പെയ്യുന്ന കനത്ത മഴയിൽ കണ്ണൂരിലെ മിക്കസ്ഥലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. കക്കാട് റോഡിൽപുഴകയറി വാഹനഗതാഗതം തടസപ്പെട്ടു.
പഴയബസ് സ്റ്റാൻഡിലെ റെയിൽവെ അണ്ടർബ്രിഡ്ജിൽ അരയോളമാണ് വെള്ളം കയറിയത്. ഇതിനാൽ ഇതിലൂടെ ചെറുവാഹനങ്ങൾ ഓടിയില്ല. കണ്ണൂർ സിറ്റി, കോട്ടമ്മാർ മസ്ജിദ് റോഡ്, താവക്കര അണ്ടർ ബ്രിഡ്ജ്, പഴയബസ് സ്റ്റാൻഡ് എന്നിവടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.കടലോര പ്രദേശങ്ങളായ സിറ്റി, ആയിക്കര, തയ്യിൽ, മരക്കാർക്കണ്ടി എന്നിവടങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാംപ് തുറക്കാനുള്ള തീരുമാനത്തിലാണ് ജില്ലാഭരണകൂടം.