കണ്ണൂർ: ജില്ലയിൽ വീണ്ടും രാഷ്ട്രീയ അക്രമങ്ങൾ തലപൊക്കുന്നു. കൂത്തുപറമ്പിനടുത്ത് ചിറ്റാരിപ്പറമ്പ് സിപിഎം ലോക്കൽ സെക്രട്ടറി പി. ജിനീഷിന്റെ വീട്ടിൽ ആർഎസ്എസ് - ബിജെപി സംഘം അതിക്രമിച്ചുകയറി വധഭീഷണി മുഴക്കിയതായി പരാതി. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്.

16 പേരടങ്ങുന്ന സംഘമാണ് വീട്ടിൽ അതിക്രമിച്ചു കയറിയത്. ഇവർ ബിജെപി - ആർഎസ്എസ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിക്കുന്നു.

ജിനീഷിനെ വധിക്കുമെന്ന് വീട്ടിലുണ്ടായിരുന്ന മാതാപിതാക്കളെ സംഘം ഭീഷണിപ്പെടുത്തി. കഴിഞ്ഞ മാസവും ജിനീഷിന് നേരെ വധശ്രമം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. വീട്ടിൽ കയറിയുള്ള ഈ കൊലവിളിക്കെതിരെ സിപിഎം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കൂത്തുപറമ്പ് മേഖലയുടെ വിവിധ ഭാഗങ്ങളിൽ പാർട്ടി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.

സംഭവത്തിൽ ജിനീഷ് കണ്ണവം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ണൂരിൽ സമാധാനാന്തരീക്ഷം തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് സിപിഎം പ്രാദേശിക നേതൃത്വം കുറ്റപ്പെടുത്തി.