- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വി സി മാരോട് രാജി ആവശ്യപ്പെട്ടത് നിയമവിരുദ്ധ നടപടി; ഗവർണർക്കെതിരെ പ്രമേയവുമായി കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ്
കണ്ണൂർ: സർവകലാശാലകളിലെ വൈസ് ചാൻസലർമാരോടു രാജി ആവശ്യപ്പെട്ടുള്ള ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടലിനെതിരേ കണ്ണൂർ സർവകലാശാലാ സിൻഡിക്കേറ്റ് പ്രമേയം. സിൻഡിക്കേറ്റ് അംഗം എൻ. സുകന്യയാണു പ്രമേയം അവതരിപ്പിച്ചത്. സിൻഡിക്കേറ്റ് അംഗം ഡോ. പി.പി ജയകുമാർ പിന്താങ്ങി.
ഉന്നതവിദ്യാഭ്യാസ രംഗത്ത് വൻകുതിച്ചു ചാട്ടത്തിനു കേരളത്തെ പ്രാപ്തമാക്കാനുള്ള ശ്രമങ്ങളുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ അവയാകെ സ്തംഭിപ്പിക്കാനുള്ള നീക്കം ഗവർണറുടെ ഭാഗത്ത് നിന്നുണ്ടാകുന്നതു ദൗർഭാഗ്യകരമാണ്. ഒൻപതു വി സിമാരോടു ഗവർണർ രാജി ആവശ്യപ്പെട്ടതു സർവകലാശാലാ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിരുദ്ധമായ നടപടിയാണ്.
സർവകലാശാലാ സംബന്ധമായ 26ഓളം ഭേദഗതികൾ, ബോർഡ് ഓഫ് സ്റ്റഡീസ് ലിസ്റ്റ് എന്നിവയൊന്നും അംഗീകരിക്കാതെ ഗവർണർ പിടിച്ചുവച്ചിരിക്കുന്നതു സർവകലാശാലയിലെ ഭരണ നിർവഹണത്തിനു തടസം സൃഷിച്ചിരിക്കുകയാണ്. ഇത്തരത്തിൽ വിദ്യാർത്ഥികളുടെയാകെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്ന സർവകലാശാലയെ പ്രതിസന്ധിയിലാക്കുന്ന ഗവർണറുടെ നടപടിയിൽ സിൻഡിക്കേറ്റ് പ്രതിഷേധിക്കുന്നതായും പ്രമേയത്തിൽ സിൻഡിക്കേറ്റ് ചൂണ്ടിക്കാട്ടി.




