പാലക്കാട്: രാജ്യം മുഴുവൻ ഹിറ്റായ കാന്താരയ്ക്ക് കേരളത്തിൽ നിന്നും തിരിച്ചടി. കാന്താരയിലെ വരാഹരൂപം എന്ന ഗാനത്തിന്റെ പേരിൽ ഉയർന്ന കോപ്പിയടി വിവാദത്തിൽ വീണ്ടും കോടതി ഇടപെട്ടു. ഈ ഗാനം ഉൾക്കൊള്ളിച്ച് സിനിമ തിയറ്ററുകളിലും ഒ.ടി.ടിയിലും യൂട്യൂബിലും ആമസോണിലും പ്രദർശിപ്പിക്കുന്നത് കോടതി തടഞ്ഞു. പാലക്കാട് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയുടേതാണ് ഉത്തരവ്.

കോപ്പിറൈറ്റ് ഉടമകൾ നൽകിയ തടസ ഹർജിയിലാണ് കോടതി ഇടപെടൽ. നിർമ്മാതാവ്, സംവിധായകൻ, സംഗീത സംവിധായകൻ, പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ആമസോൺ, യൂട്യൂബ്, സ്‌പോട്ടിഫൈ, വിങ്ക് മ്യൂസിക്, ഡിവോ മ്യൂസിക്, ജിയോസവൻ എന്നിവരെയാണ് ഗാനം തിയേറ്ററിലും ഒടിടി പ്ലാറ്റ്‌ഫോമുകളിലും പ്രദർശിപ്പിക്കുന്നതിൽ നിന്നും റിലീസ് ചെയ്യുന്നതിൽ നിന്നും സ്ട്രീം, വിതരണം എന്നിവയിൽ നിന്നും തടഞ്ഞത്.

പ്രമുഖ സംഗീത ബാൻഡായ തൈക്കുടം ബ്രിഡ്ജിന്റെ നവരസം എന്ന ഗാനത്തിന്റെ തനിപകർപ്പാണെന്ന വാദം പലകോണുകളിൽ നിന്ന് ഉയർന്നിരുന്നു. തുടർന്ന് ഗാനം തൈക്കുടം ബ്രിഡ്ജിന്റെ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു. കോടതി വിധി വന്നതിന് പിന്നാലെ വരാഹരൂപം ഗാനം പ്രദർശിപ്പിക്കുന്നത് നിർത്തിവെക്കാൻ തിയേറ്ററുകളോടും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളോടും കാന്താരയുടെ അണിയറ പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു.