കോഴിക്കോട്: കെ.ജി.എഫ് നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ ബാനറിലെത്തി വൻവിജയം നേടിയ കന്നഡ ചിത്രം 'കാന്താര'യുടെ നിർമ്മാതാക്കൾക്കെതിരെ 'വരാഹരരൂപം' ഗാനത്തിന്റെ പേരിൽ നൽകിയ ഹർജി കോഴിക്കോട് ജില്ലാ കോടതി മടക്കിയയച്ചു.പകർപ്പവകാശ ലംഘനം ആരോപിച്ച് തൈക്കുടം ബ്രിഡ്ജ് സമർപ്പിച്ച ഹർജിയാണ് 'അധികാരപരിധി ഇല്ലെന്ന് ചൂണ്ടിക്കാട്ടി' കോഴിക്കോട് ജില്ലാ കോടതി മടക്കിയത്.പരാതി തിരികെ നൽകുന്നതിനായി, സിവിൽ പ്രൊസീജ്യർ കോഡിന്റെ ഓർഡർ 7 റൂൾ 10 പ്രകാരം സിനിമയുടെ നിർമ്മാതാവായ ഹോംബാലെ ഫിലിംസ് നൽകിയ അപേക്ഷയാണ് കോടതി അനുവദിച്ചത്.

കേസ് പരിഗണിക്കാൻ യോഗ്യതയുള്ള കോടതിയിൽ ഹാജരാക്കണമെന്ന് കാണിച്ചാണ്് ജില്ലാ കോടതി ഹർജി മടക്കിയത്.കക്ഷികൾ 14 ദിവസത്തിനകം എറണാകുളത്തെ കമേഴ്സ്യൽ കോടതിയിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു.ഹർജി മടക്കി നൽകുന്നതിനിടെ, യോഗ്യതയുള്ള കോടതിക്ക് മുമ്പാകെ ഇൻജംഗ്ഷൻ അപേക്ഷ തുടരാമെന്നും ജില്ലാ കോടതി വ്യക്തമാക്കി.

തത്ഫലമായി, സിനിമയിലെ 'വരാഹരരൂപം' ഗാനം ഉപയോഗിക്കുന്നതിനെതിരെ ഒക്ടോബർ 28 ന് ജില്ലാ കോടതി പുറപ്പെടുവിച്ച പരസ്യ-ഇടക്കാല ഉത്തരവ് പ്രാബല്യത്തിൽ വരില്ല.ഹോംബാലെ ഫിലിംസ്, ഋഷഭ് ഷെട്ടി, പൃഥ്വിരാജ് പ്രൊഡക്ഷൻസ് (ചിത്രത്തിന്റെ നിർമ്മാതാവ്, സംവിധായകൻ, കേരളത്തിലെ വിതരണക്കാർ എന്ന നിലയിൽ) എന്നിവർക്കെതിരെയാണ് നിരോധന ഉത്തരവ്. കൂടാതെ, ആമസോൺ മ്യൂസിക്, സ്പോട്ടിഫൈ, വിങ്ക് മ്യൂസിക്, ജിയോസാവൻ തുടങ്ങിയ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളും ഗാനം പ്ലേ ചെയ്യുന്നതിൽ നിന്ന് വിലക്കി.

എന്നാൽ 'വരാഹരൂപം' ഗാനം ഉപയോഗിക്കുന്നതിനെതിരെ കേരളത്തിലെ തന്നെ മറ്റൊരു കോടതിയായ പാലക്കാട് ജില്ലാ കോടതി നവംബർ രണ്ടിന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ഇപ്പോഴും നിലനിൽക്കുകയാണ്.കോപ്പിയടി വിവാദ വിഷയമായ 'നവരസം' ഗാനത്തിന്റെ പകർപ്പവകാശ ഉടമയാണെന്ന് അവകാശപ്പെടുന്ന മാതൃഭൂമി പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനി ലിമിറ്റഡ് ഫയൽ ചെയ്ത കേസിലാണ് ഈ ഉത്തരവ്.സിവിൽ പ്രൊസീജ്യർ കോഡ് പ്രകാരമുള്ള അപ്പീൽ പരിഹാരങ്ങൾ തീർപ്പാക്കണമെന്ന് കാണിച്ച് ജില്ലാ കോടതികൾ പുറപ്പെടുവിച്ച നിരോധന ഉത്തരവിനെതിരെ ഹോംബാലെ ഫിലിംസ് സമർപ്പിച്ച ഹർജികൾ പരിഗണിക്കാൻ അടുത്തിടെ കേരള ഹൈക്കോടതിയും വിസമ്മതിച്ചിരുന്നു.