പത്തനംതിട്ട: തിരുവല്ല, കീഴ്വ്വായ്പൂര്, കോട്ടയം ജില്ലയിലെ തൃക്കൊടിത്താനം, കോട്ടയം ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചു. തിരുവല്ല കുറ്റപ്പുഴ പുന്നക്കുന്നം മുളിയന്നൂര്‍ക്കര ആറ്റുമാലില്‍ വീട്ടില്‍ സുജു എന്ന് വിളിക്കുന്ന സുജു കുമാറി (29) നെയാണ് ഒരു വര്‍ഷത്തേക്ക് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ അടച്ചത്. കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം(കാപ്പ ) വകുപ്പ് 2 (പി )പ്രകാരമുള്ള ജില്ലാ കളക്ടറുടെ ഉത്തരവനുസരിച്ചാണ് നടപടി.

2014 മുതല്‍ 21 കേസുകളില്‍ പ്രതിയാണ് സുജുകുമാര്‍. ഇവയില്‍ 13 കേസുകളാണ് ഉത്തരവിനായുള്ള റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്. 12 കേസുകളും കോടതിയില്‍ വിചാരണയില്‍ തുടരുമ്പോള്‍ ഒരു കേസ് അന്വേഷണത്തിലാണ്. യുവാവിനെതിരെ 2023 ഫെബ്രുവരി 24 ന് കാപ്പ നിയമം വകുപ്പ് 3(1) അനുസരിച്ചു ആറുമാസത്തേക്ക് കരുതല്‍ തടങ്കല്‍ ഉത്തരവായിരുന്നു. കാലാവധിക്ക് ശേഷം പുറത്തിറങ്ങിയ പ്രതി തുടര്‍ന്നും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടു. പിന്നീട് മൂന്നുവര്‍ഷത്തേക്ക് നല്ല നടപ്പ് ജാമ്യം വാങ്ങുന്നതിലേക്ക് തിരുവല്ല പോലീസ് സ്റ്റേഷനില്‍ നിന്നും 2024 മാര്‍ച്ച് 28 ന് സി ആര്‍ പി സി 110 പ്രകാരം തിരുവല്ല സബ് ഡിവിഷണല്‍ രജിസ്ട്രേറ്റ് കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

തുടര്‍ന്ന് ഇത്കോടതിയില്‍ വിചാരണയിലായിരുന്നു. ബോണ്ട് വയ്ക്കാതെ പ്രതി തുടര്‍ച്ചയായി കോടതിയില്‍ ഹാജരാവാത്തതിനാല്‍ കോടതിയില്‍ നടപടികള്‍ അവസാനിപ്പിച്ചിരുന്നു. അടിപിടി, വീടുകയറി ആക്രമണം, മാ രകായുധം ഉപയോഗിച്ചുള്ള ആക്രമണം, കവര്‍ച്ച, വാഹനം നശിപ്പിക്കല്‍, തീവെപ്പ്, സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തല്‍, കഠിന ദേഹോപദ്രവം ഏല്‍പ്പിക്കല്‍, പെട്രോള്‍ ബോംബ് പോലെയുള്ള ആയുധം ഉപയോഗിച്ച് ആക്രമണം സംഘം ചേര്‍ന്നുള്ള ആക്രമണം, സ്ത്രീകള്‍ക്കെതിരായ അതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ നിരന്തരം ഏര്‍പ്പെട്ടു വരികയാണ് പ്രതി. സ്വന്തം പിതാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും ഉള്‍പ്പെട്ടു.

2014 മുതല്‍ തിരുവല്ല പോലീസില്‍ രജിസ്റ്റര്‍ ചെയ്ത മറ്റ് എട്ടു കേസുകളും ഇയാള്‍ക്കെതിരെയുണ്ട്. തിരുവനന്തപുരം റെയിഞ്ച് ഡിഐജിയുടെ ഉത്തരപ്രകാരം 2021 മാര്‍ച്ച് എട്ടിന് ആറുമാസത്തേക്ക് ഇയാളെ ജില്ലയില്‍ നിന്നും പുറത്താക്കിയിരുന്നു. പ്രതിക്കെതിരെ സി ആര്‍ പി സി 107 അനുസരിച്ചും കോടതി നടപടി കൈകൊണ്ടു. റൗഡി ഹിസ്റ്ററി സീറ്റില്‍ ഉള്‍പ്പെടുത്തിയും സഞ്ചലനസ്വാതന്ത്ര്യം നിയന്ത്രിച്ചും ഇയാള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചിട്ടും വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു വരികയായിരുന്നു. തുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.