പത്തനംതിട്ട: കൊലപാതകം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. മെഴുവേലി വിജയഭവനം വീട്ടില്‍ സൂര്യാത്മജനെ (അമ്പു-40) യാണ് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി എസ് അജിതാ ബേഗത്തിന്റെ ഉത്തരവിനെ തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ നിന്നും പുറത്താക്കിയത്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തിയത്.

ഇലവുംതിട്ട പോലീസ് സ്റ്റേഷനില്‍ റൗഡി ഹിസ്റ്ററി ഷീറ്റ് ആരംഭിച്ച് ഇയാളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നു. 2020 മുതല്‍ ഇലവുംതിട്ട, പത്തനംതിട്ട പോലീസ് സ്റ്റേഷനുകളില്‍ കൊലപാതകം, അടിപിടി, ഭീഷണിപ്പെടുത്തല്‍, കഠിന ദേഹോപദ്രവം ഏല്‍പ്പിക്കല്‍, മോഷണം, സ്ത്രീകള്‍ക്കെതിരായ അതിക്രമം, മാനഭംഗശ്രമം, ഗൂഢാലോചന തുടങ്ങിയ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടു വരികയാണ്.

2021 ല്‍ ഇലന്തൂര്‍ ഭഗവതിക്കുന്നില്‍ എബ്രഹാം ഇട്ടി (52)യെ വെട്ടിക്കൊന്ന കേസില്‍ മൂന്നാം പ്രതിയാണ് ഇയാള്‍. ഇതുള്‍പ്പെടെ മൂന്നു കേസുകള്‍ കോടതിയില്‍ വിചാരണയിലാണ്. രണ്ട് കേസുകള്‍ അന്വേഷണാവസ്ഥയിലാണുള്ളത്. നിരവധി ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് ജനങ്ങളുടെ സൈ്വരജീവിതത്തിന് വിഘാതം സൃഷ്ടിച്ചു വന്ന പ്രതിക്കെതിരെ ഡി ഐ ജി ഓഫീസില്‍ നിന്നും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കി പുറപ്പെടുവിപ്പിച്ച ഡി ഐ ജിയുടെ ഉത്തരവ് ലംഘിച്ച് വീണ്ടും കുറ്റകൃത്യം ചെയ്യുകയോ സാമൂഹിക വിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുകയാണെങ്കില്‍ കാപ്പ വകുപ്പ് 15(4) പ്രകാരം പ്രോസിക്യൂഷന്‍ നടപടി കൈക്കൊള്ളുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

കൊലപാതക കേസ്, കാപ്പ, പ്രതികള്‍, നാടുകടത്തി