തിരുവനന്തപുരം : കരമന അഖിൽ വധക്കേസിലെ പ്രധാന പ്രതികളായ അഖിൽ അപ്പുവും വിനീത് രാജും പിടിയിൽ. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ആറായി. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മറ്റൊരു പ്രതി സുമേഷിനായുള്ള തെരച്ചിൽ തുടരുകയാണ്. ഗൂഢാലോചനയിൽ പങ്കുള്ള മറ്റു നാലുപേർ നേരത്തെ പിടിയിലായിരുന്നു. പ്രതികൾ സഞ്ചരിച്ച കാറിന്റെ ഡ്രൈവർ അനീഷ്, ഹരിലാൽ, കിരൺ, കിരൺ കൃഷ്ണ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഒളിവിലുള്ള പ്രതിക്കായി ഊർജിത അന്വേഷണമാണ് നടക്കുന്നത്.

കരമന അഖിൽ വധക്കേസിലെ മുഖ്യപ്രതികളിൽ ഒരാളായ അപ്പുവെന്ന അഖിലിനെ ഇന്ന് പുലർച്ചെയോടെയാണ് തമിഴ്‌നാട്ടിൽ നിന്ന് പിടികൂടിയത്. രാവിലെ തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെത്തിച്ചു. രാജാജി നഗറിൽ നിന്നാണ് വിനീത് രാജിനെ ഷാഡോ പൊലീസ് പിടികൂടിയത്. വിനീതാണ് കല്ലുകൊണ്ട് അഖിലിന്റെ തലയ്ക്കടിച്ചത്. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള സുമേഷിനായി തെരച്ചിൽ തുടരുകയാണ്. വോട്ടെടുപ്പ് ദിനം പാപ്പനംകോടിലെ ബാറിൽ വച്ചുണ്ടായ തർക്കമാണ് അതിക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. കൊല്ലപ്പെട്ട അഖിലും വിനീതും തമ്മിൽ തർക്കമുണ്ടായി. ഇതിന്റെ പകവീട്ടാനാണ് ഗുണ്ടാസംഘം പട്ടാപ്പകൽ വീടിന് സമീപത്ത് വച്ച്അഖിലിനെ ക്രൂരമായി മർദ്ദിച്ച് കൊന്നത്.

കിരൺ ഒഴികെയുള്ള മറ്റ് പ്രതികളെല്ലാം, 2019ൽ തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ചഅനന്തു വധക്കേസിലെ പ്രതികളാണ്. ക്ഷേത്രോത്സവത്തിനിടെയുണ്ടായ തർക്കത്തെ തുടർന്നാണ്19കാരനായ അനന്തുവിനെ ഈ സംഘംഅതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. അനന്തുവധക്കേസിലെ വിചാരണ നീളുന്നതിനിടെ ജാമ്യത്തിലിറങ്ങിയ പ്രതികളാണ് അഖിലിനെ കൊന്നത്