കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ യുവാവും ഈ സ്വർണം കവർച്ച ചെയ്യാനെത്തിയ സംഘത്തിലെ ഒരാളും പിടിയിൽ. സ്വർണം കടത്തിയ കോഴിക്കോട് ഉണ്ടൻചാലിൽ ലിഗീഷിനെ കസ്റ്റംസും കവർച്ചാ സംഘത്തിലെ ഓമശ്ശേരി കിഴക്കേപുനത്തിൽ ആസിഫിനെ പൊലീസുമാണ് കസ്റ്റഡിയിലെടുത്തത്. കരിപ്പൂർ വിമാനത്താവളത്തിന് പുറത്താണ് അറസ്റ്റ്. അതേസമയം, കവർച്ചാസംഘത്തിലെ നാലുപേർ ഓടിരക്ഷപ്പെട്ടു.

ലിഗീഷ് കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് ദോഹയിൽനിന്ന് കടത്തിയ സ്വർണം തട്ടിയെടുക്കാനാണ് അഞ്ചംഗസംഘം കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. വിമാനത്താവളത്തിന് പുറത്തുവെച്ച് ലിഗീഷും കവർച്ചാസംഘവും തമ്മിൽ പിടിവലി നടന്നു. ഇതോടെയാണ് സുരക്ഷാ സേന ശ്രദ്ധിച്ചത്. സിഐ.എസ്.എഫ്. ഉദ്യോഗസ്ഥരാണ് ലിഗീഷിനെയും കവർച്ചാസംഘത്തിലെ ആസിഫിനെയും ആദ്യം പിടികൂടിയത്.

ആസിഫിനൊപ്പം ഉണ്ടായിരുന്ന നാലുപേർ വാഹനത്തിൽ കടന്നുകളയുകയായിരുന്നു. സിഐ.എസ്.എഫ്. ഉദ്യോഗസ്ഥർ പിടികൂടിയ ലിഗീഷിനെ പിന്നീട് കസ്റ്റംസിനും ആസിഫിനെ കരിപ്പൂർ പൊലീസിനും കൈമാറുകയായിരുന്നു. ലിഗീഷിൽനിന്ന് രണ്ട് ക്യാപ്സ്യൂളുകളായി ഒളിപ്പിച്ച സ്വർണമിശ്രിതവും കണ്ടെടുത്തു. രക്ഷപ്പെട്ട നാലുപേർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസും അറിയിച്ചു.