ബെം​ഗളൂരു: ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം. കേസ് കര്‍ണ്ണാടക ഹൈക്കോടതി റദ്ദാക്കി. എഫ്ഐആർ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിലാണിപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്. ലൈംഗിക പീഡനക്കേസില്‍ ഉന്നയിച്ച ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യ തന്നെ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയാണ് കേസ് റദ്ദാക്കിയത്. പരാതിക്കാരന്‍ ഉന്നയിച്ച സംഭവം നടന്ന ഹോട്ടല്‍, തിയതി എന്നിവ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു.

2012ൽ ബംഗളൂരുവിലെ എയര്‍ പോര്‍ട്ട് റോഡിലെ ഹോട്ടലില്‍ വെച്ച് രഞ്ജിത്ത് പ്രകൃതി വിരുദ്ധ പീഢത്തിനിരയാക്കിയെന്നായിരുന്നു പരാതിക്കാരന്‍റെ ആരോപണം. എന്നാല്‍ 2016 ലാണ് ഈ ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങിയത്. പരാതി ഫയല്‍ ചെയ്യുന്നതില്‍ 12 വര്‍ഷത്തെ കാലതാമസം ഉണ്ടായി. അതിന് ഒരു ന്യായീകരണവുമില്ലെന്നും കോടതി നിരീക്ഷിച്ചു. യുവാവ് പരാതി നൽകാൻ വൈകിയത് സംശയാസ്പദമാണ്. പരാതിയിൽ പറയുന്ന പല കാര്യങ്ങളിലും വ്യക്തതയില്ലെന്നും രഞ്ജിത് ഹൈക്കോടതിയെ അറിയിച്ചു. നേരത്തെ കേസിൽ രഞ്ജിത്തിനെതിരെയുള്ള ക്രിമിനൽ നടപടിക്രമങ്ങൾ കോടതി തടഞ്ഞിരുന്നു.

കോഴിക്കോട് സ്വദേശിയായ യുവാവാണ് സംവിധായകൻ രഞ്ജിത്തിനെതിരെ പീഡന കേസ് നൽകിയത്. 2012ൽ ബാവൂട്ടിയുടെ നാമത്തിൽ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരിചയപ്പെട്ട യുവാവിനെ ബെംഗളൂരുവിലെ പ‌ഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ചു വരുത്തി രഞ്ജിത്ത് അസ്വാഭാവിക ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ചിത്രങ്ങൾ പകർത്തിയെന്നുമാണ് കേസ്. ഈ കേസ് ആണ് ഇപ്പോൾ കാരനാടക ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.

കോഴിക്കോട് കസബ പോലീസാണ് ആദ്യം കേസ് റജിസ്റ്റർ ചെയ്തതെങ്കിലും ബെംഗളൂരുവിലാണ് സംഭവം നടന്നതെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് പിന്നീട് കർണാടക പോലീസിനു കൈമാറുകയായിരുന്നു. കേരള പൊലീസിൽ നിന്ന് കത്ത് ലഭിച്ച കർണാടക ഡിജിപിയാണ് ദേവനഹള്ളി പോലീസിനോട് കേസ് റജിസ്റ്റർ ചെയ്യാൻ നി‍ർദേശം നൽകിയത്.