തിരുവനന്തപുരം: അബുദാബിയിൽ നിന്നും തലസ്ഥാന എർപോർട്ടിലെത്തിയ തൃശൂർ സ്വദേശിയെ തട്ടിക്കൊണ്ടുപോയി പണവും സ്വർണവും സ്മാർട്ട് ഫോണും കവർച്ച ചെയ്ത കേസിൽ കരുമാടി രമേശടക്കം 6 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കെ. ജി. രവിത മുമ്പാകെയാണ് വലിയതുറ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ കുറ്റപത്രം സമർപ്പിച്ചത്.

തൃശൂർ പീച്ചി ഉദയപുരം കോളനിയിൽ രാമസുന്ദരം മകൻ കരുമാടി രമേഷെന്ന രമേശ് (34), പ്രവീൺ. കെ. എഫ്. എന്ന ഫ്രാങ്ക് ലിൻ , പ്രിൻസ് , ദേവസിക്കുട്ടി മകൻ സൈജോൻ എന്ന ഒട്ടകം എന്നിവരാണ് പ്രവാസി കവർച്ചാ കേസിലെ 4 പ്രതികൾ.അബുദാബിയിൽനിന്ന് തിരുവനന്തപുരം എയർപോർട്ടിലെത്തിയ തൃശൂർ സ്വദേശി അജീഷിനെയാണ് പ്രതി രമേശ് ഉൾപ്പെടുന്ന സംഘം കാറിൽ തട്ടിക്കൊണ്ട് പോയി പണവും ബാഗും മറ്റു സാധനങ്ങളും പിടിച്ചുവാങ്ങി മർദിച്ചശേഷം വഴിയിൽ ഉപേക്ഷിച്ചത്.

രമേഷ് പീച്ചി സ്റ്റേഷനിലെ നിരവധി കേസുകളിലെ പ്രതിയാണ്. 2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2023 മാർച്ച് 18 നാണ് മുഖ്യ പ്രതി രമേശ് പിടിയിലായത്. അതിനാലാണ് കുറ്റപത്രം വൈകിയത്.