കോട്ടയം: അര്‍ബുദത്തെ തുടര്‍ന്ന് മരണപ്പെട്ട ബസ് ഡ്രൈവറുടെ കുടുംബത്തെ സഹായിക്കാന്‍ കാരുണ്യയാത്രയുമായി ബസ് ജീവനക്കാരുടെ കൂട്ടായ്മ. കോട്ടയം, ചങ്ങനാശേരി, റാന്നി, പാലാ, കാഞ്ഞിരപ്പള്ളി, എരുമേലി മേഖലകളില്‍ സര്‍വീസ് നടത്തുന്ന ഇരുപതോളം ബസുകള്‍ നാളെ കാരുണ്യയാത്ര സംഘടിപ്പിക്കും. ഒരു ദിവസത്തെ വരുമാനം രതീഷിന്റെ കുടുംബത്തിന് നല്‍കുകയാണ് ലക്ഷ്യം. പാറത്തോട് ഇടക്കുന്നം കൊടിച്ചിറയില്‍ രതീഷ് (42) ആണ് കാന്‍സര്‍ ബാധിതനായിരിക്കെ എലിപ്പനി കൂടി ബാധിച്ച് മരണപ്പെട്ടത്.

പൊന്‍കുന്നം -മണ്ണടിശാല റൂട്ടിലോടുന്ന സെന്റ് ആന്റണീസ് ബസിലെ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു രതീഷ്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് രതീഷിന്റെ അമ്മയും സഹോദരനും മരണപ്പെട്ടിരുന്നു. രതീഷിന്റെ മൂന്ന് മക്കളില്‍ മൂത്തയാള്‍ അര്‍ബുദത്തെ തുടര്‍ന്ന് മരണപ്പെട്ടു. രണ്ടാമത്തെ മകന്‍ അപ്പെന്‍ഡിക്സിന് ഓപ്പറേഷന്‍ കഴിഞ്ഞിരിക്കുകയാണ്്.

ഒന്നാം ക്ലാസില്‍ പഠിക്കുന്ന ഇളയ പെണ്‍കുട്ടിക്ക് കരളില്‍ കാന്‍സര്‍ ബാധിച്ചതിനാല്‍ കുട്ടിയുടെ അമ്മയുടെ കരള്‍ ആണ് നല്‍കിയത്. രതീഷിന്റെ വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. രതീഷിന്റെ മരണത്തോടെ ദുരിതത്തിലാണ് കുടുംബം. അര്‍ബുദ രോഗം വേട്ടയാടുന്ന കുടുംബത്തെ സഹായിക്കാന്‍ സഹപ്രവര്‍ത്തകര്‍ കൈകോര്‍ക്കുകയാണ്.

ഇരുപതോളം ബസുകളാണ് കാരുണ്യയാത്ര സംഘടിപ്പിക്കുന്നത്. കോട്ടയം പമ്പാവാലി റൂട്ടില്‍ മണിക്കുട്ടി തൈപ്പറമ്പന്‍, കോട്ടയം -പൊന്‍കുന്നം സെന്റ് ആന്റണീസ്, പാലാ - എരുമേലി ലക്ഷ്്മി, പാലാ-പള്ളിക്കത്തോട് -പൊന്‍കുന്നം റൂട്ടില്‍ സര്‍വീസ് നടത്തുന്ന അഭിനന്ദ്, ലക്ഷ്മി, കോട്ടയം -എരുമേലി ഔര്‍ലേഡി, കോട്ടയം - പള്ളിക്കത്തോട് - പൊന്‍കുന്നം മഹാദേവന്‍, ചേനപ്പാടി - പൊന്‍കുന്നം - മണിമല ആരാധന, ചങ്ങനാശ്ശേരി -വള്ളിയാംകാവ് ആരാധന, പൊന്‍കുന്നം - മണ്ണടിശാല സെന്റ് ആന്റണീസ്, പൊന്‍കുന്നം -എലിവാലിക്കര അല്‍ഫിയ, പൊന്‍കുന്നം - മുക്കൂട്ടുതറ സെന്റ് ആന്റണീസ്, പൊന്‍കുന്നം -മുണ്ടക്കയം-ഇളംകാട് സെറ, 504 കോളനി - മണിമല റൂട്ടിലോടുന്ന മേരീദാസന്‍, എരുമേലി -റാന്നി അഫ്സല്‍, ഈരാറ്റുപേട്ട - നാറാണംംതോട് ഷാജീസ്, ഈരാറ്റുപേട്ട -കാഞ്ഞിരപ്പള്ളി -തമ്പലക്കാട് അനസ് മോന്‍, പൊന്‍കുന്നം - എരുമേലി ഏയ്ഞ്ചല്‍ എന്നീ ബസുകളാണ് രതീഷിന്റെ ചികിത്സ സഹായം സ്വരൂപിക്കുന്നതിനായി ഓടുന്നത്്

കഴിഞ്ഞ ജനുവരി 18 നാണ് രതീഷ് മരണപ്പെടുന്നത്. പനി ബാധിച്ചിരുന്ന രതീഷ് സാമ്പത്തിക ബുദ്ധിമുട്ട് മൂലം ആശുപത്രിയില്‍ പോയിരുന്നില്ല. യാത്രക്കാരോടും മറ്റെല്ലാവരോടും സൗമ്യനായി പെരുമാറിയ രതീഷിന്റെ മരണ വിവരം അറിഞ്ഞ് ബസ് യാത്രക്കാര്‍ ഉള്‍പ്പെടെ നിരവധി പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.

രോഗങ്ങള്‍ക്കും കഷ്ടപാടിനും ഇടയില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ കിട്ടിയ 4 സെന്റ് സ്ഥലത്ത് ചെറിയൊരു വീട് വച്ചിരുന്നു. വീട് പൂര്‍ത്തിയാക്കുന്നതിനായി എടുത്ത ലോണും തിരിച്ചടയ്ക്കാനുണ്ട്. കൂടാതെ കരള്‍ മാറ്റി വച്ച ഇളയ മകളുടെ മരുന്നിനും നിത്യചിലവിനുമായി നല്ലൊരു തുക വേണ്ടി വരും. നിലവില്‍ ഭാര്യ ലതക്ക് ജോലിക്ക് പോകാനുള്ള സാഹചര്യമല്ല. സാമ്പത്തിക പരാധീനത മൂലം തങ്ങളുടെ പ്രിയ കൂട്ടുകാരന്റെ ഭാര്യയ്ക്കും മക്കള്‍ക്കും യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് കരുതിയാണ് കാരുണ്യയാത്രയുമായി മുന്നിട്ടിറങ്ങിയത്.

Latha Ratheesh

AC No. 42296642084

IFSC Code SBIN0010696

Branch. SBI Kanjirappally

GPay 8606161140.