തൃശൂര്‍: സംസ്ഥാനത്തെ എല്ലാ താലൂക്കിലും മന്ത്രിമാര്‍ നേരിട്ടെത്തി ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുകയും പരിഹരിക്കാന്‍ കഴിയുന്ന പരാതികള്‍ തല്‍സമയം തീര്‍പ്പാക്കുകയുമാണ് കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്ത് കൊണ്ട് ലക്ഷ്യം. ജില്ലയില്‍ ഡിസംബര്‍ 16 ന് മുകുന്ദപുരം താലൂക്കില്‍ (ഇരിങ്ങാലക്കുട ടൗണ്‍ ഹാള്‍) അദാലത്ത് രാവിലെ 10 മണിയ്ക്ക് ആരംഭിക്കും. ഡിസം. 17 തൃശൂര്‍ (തൃശൂര്‍ ടൗണ്‍ ഹാള്‍), തലപ്പിള്ളി ഡിസം. 21 (സെന്റ് സേവിയേഴ്‌സ് ഫോറോണ ചര്‍ച്ച് ഹാള്‍), കൊടുങ്ങല്ലൂര്‍ ഡിസം. 23 (ടൗണ്‍ ഹാള്‍, കൊടുങ്ങല്ലൂര്‍), ചാവക്കാട് ഡിസം. 24 (ഗുരുവായൂര്‍ ടൗണ്‍ ഹാള്‍-പ്രിയദര്‍ശിനി ഓഡിറ്റോറിയം, കിഴക്കേനട), കുന്നംകുളം ഡിസം. 27 (ബദനി സ്‌കൂള്‍ ഹാള്‍, കുന്നംകുളം), ചാലക്കുടി ഡിസം. 28 (കാര്‍മ്മല്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയം, ചാലക്കുടി എന്നീ വേദികളിലായിരിക്കും താലൂക്ക്തല അദാലത്തുകള്‍ നടത്തുക. രാവിലെ 10 മണിയ്ക്കായിരിക്കും എല്ലാ കേന്ദ്രങ്ങളിലും അദാലത്ത് ആരംഭിക്കുക.

പരാതി സമര്‍പ്പിക്കേണ്ടത് എങ്ങനെ?

karuthal.kerala.gov.in എന്ന വെബ്സൈറ്റ് മുഖാന്തിരമാണ് പരാതികള്‍ സമര്‍പ്പിക്കേണ്ടത്. പരാതിക്കാര്‍ക്ക് സൈറ്റ് വഴി സ്വന്തമായോ അക്ഷയ സെന്റര്‍ വഴിയോ താലൂക്ക് ഓഫീസിലെ ഹെല്‍പ്പ് ഡെസ്‌ക് വഴിയോ പരാതികള്‍ സമര്‍പ്പിക്കാം. കൂടാതെ അദാലത്ത് നടക്കുന്ന സ്ഥലങ്ങളില്‍ ഒരുക്കിയ ഹെല്‍പ്പ് ഡെസ്‌ക് മുഖാന്തിരവും പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്. പോര്‍ട്ടല്‍ വഴി ലഭിക്കുന്ന പരാതികള്‍ ജില്ലാ കളക്ട്രേറ്റുകളില്‍ നിന്ന് ബന്ധപ്പെട്ട വകുപ്പിലേക്ക് അതേ പോര്‍ട്ടല്‍ വഴി അയച്ച് നല്‍കും. പരാതികള്‍ പരിശോധിച്ച് വകുപ്പുകള്‍ നടപടി സ്വീകരിച്ച് ബന്ധപ്പെട്ട രേഖകള്‍ സഹിതം അതേ പോര്‍ട്ടല്‍ വഴി തിരികെ നല്‍കും.

അദാലത്തില്‍ പരിഗണിക്കുന്ന വിഷയങ്ങള്‍

ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പോക്കുവരവ്, അതിര്‍ത്തി നിര്‍ണ്ണയം, അനധികൃത നിര്‍മ്മാണം, ഭൂമി കയ്യേറ്റം, അതിര്‍ത്തിത്തര്‍ക്കങ്ങളും വഴി തടസ്സപ്പെടുത്തലും)

സര്‍ട്ടിഫിക്കറ്റുകള്‍ / ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം/ നിരസിക്കല്‍

കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പര്‍, നികുതി)

വയോജന സംരക്ഷണം

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍

മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ

ശാരീരിക/ ബുദ്ധി/ മാനസിക വെല്ലവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങള്‍

പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്‌കരണം

പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും

റേഷന്‍കാര്‍ഡ് (എപിഎല്‍/ബിപിഎല്‍) (ചികിത്സാ ആവശ്യങ്ങള്‍ക്ക്)

കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇന്‍ഷുറന്‍സ്, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍

വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം / സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍

ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ

വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി

ആരോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍

വന്യജീവി ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണം / നഷ്ടപരിഹാരം

വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുള്ള പരാതികള്‍/അപേക്ഷകള്‍

തണ്ണീര്‍ത്തട സംരക്ഷണം

അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചുമാറ്റുന്നത്

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍

പ്രകൃതിദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം

പരിഗണിക്കാത്ത വിഷയങ്ങള്‍

നിര്‍ദ്ദേശങ്ങള്‍, അഭിപ്രായങ്ങള്‍

ലൈഫ് മിഷന്‍

ജോലി ആവശ്യപ്പെട്ടുകൊണ്ടുള്ളവ / പി എസ് സി സംബന്ധമായ വിഷയങ്ങള്‍

വായ്പ എഴുതി തള്ളല്‍

പോലീസ് കേസുകള്‍

ഭൂമി സംബന്ധമായ വിഷയങ്ങള്‍ (പട്ടയങ്ങള്‍, തരംമാറ്റം)

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് സഹായത്തിനായുള്ള അപേക്ഷകള്‍

സാമ്പത്തിക സഹായത്തിനുള്ള അപേക്ഷകള്‍ (ചികിത്സാ സഹായം ഉള്‍പ്പെടെയുളള)

ജീവനക്കാര്യം (സര്‍ക്കാര്‍)

റവന്യു റിക്കവറി - വായ്പ തിരിച്ചടവിനുള്ള സാവകാശവും ഇളവുകളും

അദാലത്തുകളുടെ നടത്തിപ്പ്, സംഘാടനം എന്നിവയുടെ ചുമതല ജില്ലാ കളക്ടര്‍ക്കായിരിക്കും. പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഇതിന്റെ ഭാഗമായി വിവിധ തലങ്ങളില്‍ പല ഘട്ടങ്ങളില്‍ അദാലത്തുകള്‍ സംഘടിപ്പിച്ചിരുന്നു. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 2023 ഏപ്രില്‍-മെയ് മാസങ്ങളില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ 'കരുതലും കൈത്താങ്ങും' എന്ന പേരില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ പരാതി പരിഹാര അദാലത്ത് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ കരുതലും കൈത്താങ്ങും അദാലത്ത് സംഘടിപ്പിക്കുന്നത്.