തൃശൂർ: നിക്ഷേപകർക്ക് ആശ്വാസമായി കരുവന്നൂർ ബാങ്കിൽ നിന്ന് ഒരു ലക്ഷം വരെയുള്ള നിക്ഷേപങ്ങൾ നാളെ മുതൽ പിൻവലിക്കാം. കാലാവധിയെത്തിയ സ്ഥിര നിക്ഷേപങ്ങളാണ് പൂർണമായി പിൻവലിക്കാനാകുക. 50000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള കാലാവധി കഴിഞ്ഞ സ്ഥിര നിക്ഷേപങ്ങൾ നാളെ മുതൽ പിൻവലിക്കാനാണ് ബാങ്ക് അനുമതി നൽകിയത്. പാക്കേജിന്റെ ഭാഗമായി നവംബർ 11 മുതൽ 50000 രൂപ വരെ കാലാവധി പൂർത്തീകരിച്ച സ്ഥിര നിക്ഷേപകർക്ക് ആവശ്യാനുസരണം പണം പിൻവലിക്കുകയോ പുതുക്കി നിക്ഷേപിക്കുകയോ ചെയ്യാം

നവംബർ 20ന് ശേഷം 50000 രൂപ വരെയുള്ള സേവിങ്സ് അക്കൗണ്ട് നിക്ഷേപങ്ങളും പിൻവലിക്കാൻ സാധിക്കും. 23,688 സേവിങ്സ് ബാങ്ക് നിക്ഷേപകരിൽ 21, 190 പേർക്കും പൂർണമായി നിക്ഷേപം പിൻവലിക്കാൻ സാധിക്കും. പലിശ അടക്കം 509 കോടി രൂപ ബാങ്കിന് ലഭിക്കാനുണ്ടെന്നും ബാങ്ക് അറിയിച്ചു. ഇതിൽ 80 കോടി രൂപ തിരികെ ലഭിച്ചു. ഇതിൽ 76 കോടി രൂപ നിക്ഷേപകർക്ക് നൽകിയതായും ബാങ്ക് അറിയിച്ചു.

ബാങ്കിൽ ആകെ 50 കോടി രൂപയുടെ പാക്കേജാണ് നടപ്പിലാക്കുന്നത്. ഇതിൽ 17.4 കോടി രൂപ നിലവിൽ കയ്യിലുണ്ട്. ഇത് വച്ച് നിക്ഷേപകർക്ക് പണം നൽകും. ബാക്കി തുക വരും ദിവസങ്ങളിൽ എത്തുമെന്നാണ് ബാങ്ക് അറിയിക്കുന്നത്.

ഡിസംബർ ഒന്നു മുതൽ ഒരു ലക്ഷം രൂപയ്ക്കുമേൽ നിക്ഷേപമുള്ള കാലാവധി പൂർത്തീകരിച്ച നിക്ഷേപങ്ങൾക്ക് തുകയുടെ നിശ്ചിത ശതമാനവും പലിശയും കൈപ്പറ്റി നിക്ഷേപം പുതുക്കാനും അനുമതിയുണ്ട്. ഈ പാക്കേജ് പ്രകാരം 21190 പേർക്ക് പൂർണമായും തുക പിൻവലിക്കാനും 2448 പേർക്ക് ഭാഗികമായി തുക പിൻവലിക്കാനും അവസരമുണ്ടാകും. കുടിശ്ശിക വായ്പകൾ തിരിച്ചുപിടിച്ച് പണം കണ്ടെത്തുമെന്നും സഹകരണ സംഘങ്ങളുടെ കൺസോർഷ്യം, സഹകരണ വികസന ക്ഷേമനിധി ബോർഡ് തുടങ്ങിയവയിലൂടെ പണം സമാഹരിക്കുമെന്നും ബാങ്ക് അറിയിച്ചു.