- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കശ്മീരി വിദ്യാർഥികൾക്കും തിളക്കമാർന്ന വിജയം; അഭിനന്ദിച്ച് മന്ത്രി വി ശിവന്കുട്ടി

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോഴിക്കോട് മർകസ് ഹയർ സെക്കൻഡറി സ്കൂളിലെ കശ്മീരി വിദ്യാർഥികൾക്ക് വിവിധ ഇനങ്ങളിൽ എ ഗ്രേഡോടെ തിളക്കമാർന്ന വിജയം. കശ്മീരിലെ പൂഞ്ച് സ്വദേശികളായ ഈ വിദ്യാർഥികൾ കലോത്സവ നഗരിയിൽവെച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ സന്ദർശിച്ച് സന്തോഷം പങ്കുവെച്ചു. ഉറുദു പ്രസംഗത്തിൽ ഫർഹാൻ റാസ, കവിതാ രചനയിൽ ഇർഫാൻ അഞ്ചൂം, കഥാ രചനയിൽ മുഹമ്മദ് കാസിം, പ്രബന്ധ രചനയിൽ സുഹൈൽ എന്നിവരാണ് എ ഗ്രേഡ് കരസ്ഥമാക്കിയത്.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള കോഴിക്കോട് മർകസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളാണിവർ. വിദ്യാർഥികളുടെ വിജയത്തിൽ മന്ത്രി വി. ശിവൻകുട്ടി അഭിനന്ദനങ്ങൾ അറിയിച്ചു. ഏതാനും വർഷങ്ങളായി കേരളത്തിൽ പഠിച്ചുവരുന്ന ഈ വിദ്യാർഥികളെ മർകസ് സന്ദർശന വേളയിൽ മന്ത്രി പരിചയപ്പെട്ടിരുന്നു. കേരളത്തിലെ സ്കൂൾ കലോത്സവങ്ങൾ നൽകുന്ന അനുഭവവും അന്തരീക്ഷവും ഏറെ പ്രചോദനാത്മകമാണെന്ന് വിദ്യാർഥികൾ മന്ത്രിയോട് പറഞ്ഞു. കേരളത്തിലെ മികച്ച വിദ്യാഭ്യാസ രീതിയുടെ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കണ്ണൂർ ജില്ല കലാകിരീടം ചൂടിയിരുന്നു. ആവേശകരമായ പോരാട്ടത്തിനൊടുവിൽ നിലവിലെ ചാമ്പ്യന്മാരായ തൃശൂരിനെ അവരുടെ തട്ടകത്തിൽ പിന്തള്ളിയാണ് കണ്ണൂർ ഈ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്. 1023 പോയിന്റുകളോടെ കണ്ണൂർ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ, 1018 പോയിന്റുകളുമായി തൃശൂർ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
കഴിഞ്ഞ വർഷം നേരിയ വ്യത്യാസത്തിൽ കൈവിട്ടുപോയ കലാകിരീടമാണ് കണ്ണൂർ ഈ വർഷം ശക്തമായ പ്രകടനത്തിലൂടെ തിരിച്ചുപിടിച്ചത്. കലോത്സവത്തിന്റെ തുടക്കം മുതൽ മികച്ച മുന്നേറ്റം കാഴ്ചവെച്ച കണ്ണൂർ അവസാന നിമിഷം വരെ ഈ ലീഡ് നിലനിർത്തി. 1013 പോയിന്റുകളോടെ കോഴിക്കോട് ജില്ല മൂന്നാം സ്ഥാനം നേടി.


