- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർഗോഡ് ജില്ലയിൽ ആദ്യ കാത്ത് ലാബ് പ്രവർത്തനമാരംഭിച്ചു; എട്ട് കോടി ഉപയോഗിച്ചു സംവിധാനങ്ങൾ ഒരുക്കി; ജില്ലയിലെ പൊതുജനാരോഗ്യ സംവിധാനത്തിൽ നാഴികകല്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കാസർഗോഡ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കാത്ത് ലാബ് പ്രവർത്തനമാരംഭിച്ചതായി മന്ത്രി വീണാ ജോർജ്. ജില്ലയിലെ പൊതുജനാരോഗ്യ സംവിധാനത്തിൽ നാഴികകല്ലാകുന്ന രീതിയിലാണ് ഹൃദ്രോഗ ചികിത്സ സംവിധാനങ്ങൾ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചത്. 8 കോടി രൂപ ഉപയോഗിച്ചാണ് ഈ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്. ഇന്ന് രണ്ട് രോഗികൾക്ക് ആൻജിയോഗ്രാം പരിശോധന നടത്തിയതിലൂടെ കാത്ത് ലാബിന്റെ സേവനം ജനങ്ങൾക്ക് ലഭ്യമായി തുടങ്ങിയതായും മന്ത്രി പറഞ്ഞു.
ഹൃദയത്തിന്റെ രക്ത ധമനികളിലുണ്ടാകുന്ന ബ്ലോക്കുകൾ എളുപ്പത്തിൽ കണ്ടെത്തുന്നതിനും ശരിയായ സമയത്ത് ചികിത്സ ആരംഭിക്കുന്നതിനും ഏറെ ഉപയോഗപ്രദമായ ആൻജിയോഗ്രാം പരിശോധന, ആൻജിയോ പ്ലാസ്റ്റി സൗകര്യം എന്നിവ കാത്ത് ലാബിലൂടെ ജനങ്ങൾക്ക് നൽകാൻ സാധിക്കും.
ആദ്യ ഘട്ടത്തിൽ ആൻജിയോഗ്രാം പരിശോധനകൾ കൂടുതൽ പേർക്ക് ചെയ്ത ശേഷം രണ്ടാംഘട്ടമായി ആൻജിയോ പ്ലാസ്റ്റി ആരംഭിക്കും. രക്തധമനികളിൽ ഉണ്ടാകുന്ന തടസങ്ങൾക്കും കാത്ത് ലാബിൽ നിന്ന് ചികിത്സ ലഭിക്കും. രക്തത്തിന്റെ പമ്പിങ് കുറയുന്നത് തടയാനുള്ള ഐസിഡി സംവിധാനവും കാത്ത് ലാബിൽ ലഭിക്കും. ഇതോടെ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി പേസ് മേക്കർ തുടങ്ങി ചെലവേറിയ ചികിത്സകൾ സാധാരണക്കാർക്കും ലഭിക്കും. കാത്ത് ലാബ് സിസിയുവിൽ 7 ബെഡുകളാണ് സജ്ജമാക്കിയിട്ടുള്ളത്.
കാസർഗോഡിന്റെ സമഗ്ര വികസനത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക പ്രാധാന്യം നൽകി വരുന്നു. കാസർഗോഡ് ജില്ലയ്ക്കായി ആദ്യമായി ന്യൂറോളജിസ്റ്റുകളുടെ തസ്തിക സൃഷ്ടിച്ച് അവരുടെ സേവനം ലഭ്യമാക്കി. കൂടാതെ സിസിയു നിർമ്മിച്ചു. ഇഇജി മെഷീൻ ലഭ്യമാക്കി. ജില്ലയിൽ ആദ്യമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സ്പെഷ്യൽ ന്യൂ ബോൺ കെയർ യൂണിറ്റ് സാധ്യമാക്കി. കൂടാതെ കാസർഗോഡ് സർക്കാർ മെഡിക്കൽ കോളേജിലും വലിയ വികസന പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. എൻഡോസൾഫാൻ ദുരിത ബാധിതരുടെ ചികിത്സയ്ക്കായി വളരെ പ്രാധാന്യം നൽകുന്നു. മന്ത്രിമാരുടെ നേതൃത്വത്തിൽ നിരവധി തവണ ചർച്ചകൾ നടത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.




