കട്ടപ്പന: കട്ടപ്പനയില്‍ ഓട വൃത്തിയാക്കുന്നതിനിടെ അപകടം. സംഭവത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു. നവീകരണത്തിലിരിക്കുന്ന ഒരു ഹോട്ടലിനടുത്ത് അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെയാണ് അപകടം. ചൊവ്വാഴ്ച രാത്രി പത്തരയോടെ പാറക്കടവ് പ്രദേശത്താണ് സംഭവം. ആദ്യം ചാലില്‍ ഇറങ്ങിയ തൊഴിലാളി കുഴഞ്ഞുവീണതിനെ തുടര്‍ന്ന്, രക്ഷിക്കാന്‍ ഇറങ്ങിയ രണ്ടുപേരും ചാലില്‍ കുടുങ്ങുകയായിരുന്നു. മൂവര്‍ക്കും തിരികെ കയറാന്‍ സാധിച്ചിരുന്നില്ല.

തമിഴ്‌നാട്ടിലെ കമ്പം സ്വദേശിയായ ജയറാം, ഗൂഢല്ലൂര്‍ സ്വദേശികളായ സുന്ദരപാണ്ഡ്യന്‍, മൈക്കിള്‍ എന്നിവരാണ് മരിച്ചത്. വിവരം ലഭിച്ച ഉടന്‍ പോലീസ്, അഗ്നിരക്ഷാസേന എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. നാട്ടുകാരും ചേര്‍ന്നെത്തി സഹായം നല്‍കി. രാത്രി പന്ത്രണ്ടോടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു.