- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തു ലക്ഷം കൊണ്ട് അഞ്ചു കോടി കടം എങ്ങനെ തീർക്കാനാണ്? കടം വീട്ടാൻ സ്വത്ത് വിറ്റാൽപ്പോരേ? ഭാര്യ പറഞ്ഞാലും ഇത്തരം അബദ്ധം ചെയ്യാമോ? പ്രതിയുടെ മൊഴിയിൽ വിശ്വാസമില്ലെന്ന് ഗണേശ്കുമാർ
പൂയപ്പള്ളി: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പ്രതി പത്മകുമാറിന്റെ മൊഴിയിൽ വിശ്വാസമില്ലെന്ന് കെ.ബി ഗണേശ് കുമാർ എംഎൽഎ. ഭാര്യയും മക്കളുമല്ല, ആരു പറഞ്ഞാലും ക്രിമിനൽ പ്രവർത്തനത്തിന് ഇറങ്ങരുത്. ഏതു ക്രൈമും പിടിക്കപ്പെടുമെന്ന് അതിന് ഇറങ്ങിത്തിരിച്ചവർ ഓർക്കണമെന്നും ഗണേശ് കുമാർ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പ്രതിയുടെ മൊഴിയിൽ എനിക്ക് വിശ്വാസമില്ല. അഞ്ചുകോടിയുടെ കടം തീർക്കാൻ സാധാരണക്കാരനായ ഒരാളുടെ മകളെ തട്ടിക്കൊണ്ടുപോയി 10 ലക്ഷം രൂപ ആവശ്യപ്പെട്ടത് വിശ്വസനീയമല്ല. 10 ലക്ഷം കൊണ്ട് പ്രതിക്ക് പലിശ അടയ്ക്കാൻ കൂടി സാധിക്കില്ല. മീഡിയയിലൂടെ ഈ സംഭവം പുറത്തുവന്നില്ലായിരുന്നുവെങ്കിൽ കുടുംബം ഭയന്ന് ആ കാശ് കൊടുത്തേനേ. മീഡിയയും പൊലീസും നാട്ടുകാരും കൈകോർത്തതോടെ അവരുടെ പദ്ധതിയെല്ലാം പൊളിഞ്ഞു. പക്ഷേ അവർ നാടിനെ മൊത്തം മുൾമുനയിൽ നിർത്തിക്കളഞ്ഞു.'- ഗണേശ് കുമാർ വ്യക്തമാക്കി.
പ്രതിയും കൂട്ടരും ആസൂത്രണം ചെയ്ത പ്ലാൻ ശുദ്ധമണ്ടത്തരമാണെന്നും കേരളാ പൊലീസ് ഏതുകേസും പെട്ടെന്ന് തന്നെ തെളിയിക്കുമെന്നും ഗണേശ്കുമാർ പറഞ്ഞു. 'പ്രതി ആസൂത്രണം ചെയ്ത പ്ലാൻ ശുദ്ധ മണ്ടത്തരമാണ്. പ്രതി എൻജിനിയറിങ് ബിരുദധാരിയാണ്. എന്നിട്ടും ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തുന്നത് വലിയ മണ്ടത്തരമാണ്. പ്രതിയുടെ ഭാര്യയാണ് പദ്ധതി തയ്യാറാക്കിയതെന്ന് പറയപ്പെടുന്നു. ആലുവയിലെ പെൺകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിക്ക് തൂക്കുകയർ ശിക്ഷ ലഭിച്ചവിവരമൊന്നും ഇവരറിഞ്ഞില്ലേ? ' ഗണേശ് കുമാർ പറഞ്ഞു.
സ്വന്തമായി ആവശ്യത്തിന് സ്വത്തുണ്ടായിട്ടും എന്തിനാണ് പ്രതി ഇത്തരം ക്രിമിനൽ പ്രവൃത്തികൾ നടത്തുന്നതെന്ന് ഗണേശ് കുമാർ ചോദിച്ചു. 'കടബാധ്യത തീർക്കാൻ പ്രതിക്ക് വീടുവിറ്റാൽ മതി. വേറെയും ആസ്തികളുണ്ടെന്ന് കേൾക്കുന്നു അതെല്ലാം വിറ്റ് കടം വീട്ടിയാൽപ്പോരേ? എന്തിനാണ് കുഞ്ഞിനോട് ക്രൂരത കാണിക്കുന്നത്? ഇനി എങ്ങനെ അവർക്ക് ജീവിക്കാനാകും? കല്യാണപ്രായമായ ഒരു മകളുണ്ട് പ്രതിക്ക്. മകൾക്ക് നല്ലൊരു ജീവിതം ഇനി കിട്ടുമോ? ആ കുട്ടിയുടെ ഭാവി അവർ നശിപ്പിച്ചു.
ഈ മണ്ടത്തരത്തിനാണ് ഒരു വർഷം പ്ലാൻ ചെയ്തത്. ഇയാൾ എൻജിനിയറിങ്ങിന് റാങ്ക് വാങ്ങിയെന്നൊക്കെയാണ് പറയുന്നത്. ഭാര്യ പറഞ്ഞാലും ഇത്തരം അബദ്ധം ചെയ്യാമോ? ഇതൊക്കെ ക്രിമിനൽ പ്രവർത്തനം അല്ലേ? ഭാര്യയല്ല, മക്കളല്ല, ആരു പറഞ്ഞാലും ഇതൊന്നും ചെയ്യരുത്. ഇയാൾക്ക് അഞ്ചു പശുവുണ്ടെന്നാണ് പറയുന്നത്. അവയെ വിറ്റാൽ രണ്ടു ലക്ഷം കിട്ടില്ലേ? രണ്ടു കാറുണ്ട്. വീട് വിറ്റാൽ കടത്തിന്റെ പകുതി തീരില്ലേ? ഏതു ക്രൈമും പിടിക്കപ്പെടുമെന്ന് ഇത്തരം മണ്ടത്തരങ്ങൾക്ക് ഇറങ്ങുന്നവർ ഓർക്കണമെന്ന് ഗണേശ് കുമാർ പറഞ്ഞു.
നമ്മുടെ നാട്ടിൽ എന്ത് കുറ്റകൃത്യം ചെയ്താലും പിടിക്കപ്പെട്ടും. അതിൽ സംശയം വേണ്ട. 20 വർഷം വരെ പഴക്കമുള്ള കേസ് കേരള പൊലീസ് തെളിയിച്ചിട്ടുണ്ട്. പണം സമ്പാദിക്കാനോ കടം തീർക്കാനോ എളുപ്പവഴികളില്ല. പണം ഇരട്ടിപ്പിക്കുന്നതിനായി ഓടുന്ന നിരവധി മണ്ടന്മാരുടെ നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്. അധ്വാനിക്കാതെ പണം നേടാനാവില്ല.' ഗണേശ് കുമാർ കൂട്ടിച്ചേർത്തു. കേസിലെ പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ പത്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരെ പൊലീസ് ശനിയാഴ്ച രാവിലെ അറസ്റ്റുചെയ്തിരുന്നു.




