തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തോടെ ദേശീയ രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ കാറ്റുവീശിത്തുടങ്ങിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി പറഞ്ഞു. കാസർഗോഡ് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി നടത്തിയ ഏകദിന സത്യാഗ്രഹവും ബഹുസ്വരതാ സംഗമവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

ബിജെപിയുടെ കോട്ടയായ യുപിയിലും അത് പ്രകടമായി. കഴിഞ്ഞ ദിവസം 6 സംസ്ഥാനങ്ങളിലായി 7 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ നാലും ഇന്ത്യ സഖ്യം നേടി. വരുന്ന പൊതുതിരഞ്ഞടുപ്പോടെ മോദിയെ ഇന്ത്യ സഖ്യം അധികാരത്തിൽ നിന്നും പുറത്താക്കും. കേരളത്തിൽ സിപിഎമ്മിന് ബിജെപി എതിർക്കാൻ താൽപ്പര്യമില്ല.അവർ പരസ്പരം സഹായിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 20 മണ്ഡലങ്ങളും യുഡിഎഫ് നേടുമെന്നും അതിന്റെ കാഹളമാണ് പുതുപ്പള്ളിയിൽ മുഴങ്ങിയതെന്നും വേണുഗോപാൽ പറഞ്ഞു.

ജനങ്ങളുടെ മൗലിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ ഒളിച്ചോടുന്ന മോദിക്ക് ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തോടെയാണ് ഇന്ത്യയെന്ന പേരിനോട് മമത കുറഞ്ഞത്. ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തോടെ അധികാര കസേര ഇളകുമെന്ന അങ്കലാപ്പിലാണ് നരേന്ദ്ര മോദി. അതിനാലാണ് ഒറ്റതിരഞ്ഞെടുപ്പ്, ഭാരതം എന്നി വിഷയങ്ങൾ പെടുന്നനെ ഉയർത്തികൊണ്ടുവന്നത്. ഭാരതമെന്ന പേരിനോട് ആർക്കും വിയോജിപ്പില്ല.പക്ഷെ, ബിജെപി അതിന് നൽകുന്ന പ്രാധാന്യത്തിന് പിന്നിലെ ദുരുദ്ദേശം ഇന്ത്യ സഖ്യത്തിന്റെ രൂപീകരണമാണെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.

ജനാധിപത്യത്തിന്റെ സൗന്ദര്യമായ വൈവിധ്യത്തെ തകർക്കാനാണ് നരേന്ദ്ര മോദി ഭരണകൂടം ശ്രമിക്കുന്നത്. യു.സി.സിയിലൂടെ ന്യൂനപക്ഷ വിരുദ്ധ വികാരം വളർത്തുന്നു.മതപരിവർത്തനം ആരോപിച്ച് ബിജെപി മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും വേട്ടയാടി. ബിജെപിയുടെ വിഭജന തന്ത്രത്തിനെതിരെ കോൺഗ്രസ് ശക്തമായ പോരാട്ടം നയിക്കുകയാണ്. ബിജെപി കർണ്ണാടകയിൽ നടപ്പാക്കിയ മതപരിവർത്തനം നിയമം കോൺഗ്രസ് സർക്കാർ ചവിറ്റുകുട്ടയിലിട്ടെന്നും വേണുഗോപാൽ പറഞ്ഞു.

വിദ്വേഷവും വെറുപ്പും വളർത്താൻ ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ് ബിജെപി തന്ത്രം. രാജ്യത്തെ ജനങ്ങളുടെ സമാധാനം തകർന്നാലും വോട്ടുമതിയെന്ന ചിന്തയാണ് ബിജെപിക്ക്. മണിപ്പൂരിൽ നിന്നും പാഠം ഉൾക്കൊള്ളാൻ ബിജെപി ഭരണകൂടം ഇപ്പോഴും തയ്യാറാകുന്നില്ല. ആ കലാപത്തിൽ സംസ്ഥാന സർക്കാർ പ്രതിസ്ഥാനത്താണ്. കലാപകാരികളെ നിയന്ത്രിക്കാൻ കേസെടുക്കാത്ത ഭരണകൂടം അവിടത്തെ വസ്തുനിഷ്ഠമായി റിപ്പോർട്ട് പുറത്തുകൊണ്ടുവന്ന മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുക്കുകയാണ്. മറ്റുവിഷയങ്ങളിൽ വാചാലനാകുന്ന പ്രധാനമന്ത്രി മണിപ്പൂർ വിഷയത്തിൽ മൗനിബാവയെപ്പോലെ നടിച്ചു.

രാഷ്ട്രീയ വൈര്യത്തിന്റെ പേരിൽ വിദ്വേഷ അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കുന്ന പ്രധാനമന്ത്രിയുടെ നിലപാട് നിർഭാഗ്യകരമാണ്. മണിപ്പൂർ വിഷയത്തിൽ പ്രതികരിക്കാതെ ഒളിച്ചോടിയ മോദിയെ പാർലമെന്റിൽ സംസാരിപ്പിക്കാൻ ഇന്ത്യാ സഖ്യത്തിന്റെ അവിശ്വാസം വേണ്ടി വന്നു.മോദി ഭരണത്തിൽ യുവജനതയ്ക്ക് തൊഴിലില്ല, പട്ടിണിമാറ്റാൻ നയമില്ല,വിലക്കയറ്റം നിയന്ത്രിക്കാൻ നടപടികളില്ല, കർഷക പ്രശ്നങ്ങൾക്ക് പരിഹാരവുമില്ല. എൽപിജി ഗ്യാസിന്റെ പേരിൽ 8.5 ലക്ഷം കോടി രൂപ ജനങ്ങളിൽ നിന്നും കൊള്ളയടിച്ച ശേഷം അഞ്ചു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പടുത്തപ്പോൾ 200 രൂപ മടക്കി നൽകുക മാത്രമാണ് മോദി സർക്കാർ ചെയ്തതെന്നും വേണുഗോപാൽ പരിഹസിച്ചു.