കൊച്ചി: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. സുപ്രീം കോടതിയില്‍ നിലപാടെടുക്കാതെ ഒളിച്ചുകളിക്കുന്ന സര്‍ക്കാര്‍ ശൈലിയെ രൂക്ഷമായി വിമര്‍ശിച്ച വേണുഗോപാല്‍, യുവതീപ്രവേശനത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് വെല്ലുവിളിച്ചു. കൊച്ചിയില്‍ നടന്ന കെ.പി.എം.എസ് സംസ്ഥാന സമ്മേളന വേദിയിലായിരുന്നു വേണുഗോപാലിന്റെ കടന്നാക്രമണം.

യുവതീപ്രവേശനം വേണമെന്ന നിലപാട് കെ.പി.എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ സമ്മേളന വേദിയില്‍ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഉദ്ഘാടകനായ മുഖ്യമന്ത്രിയോ പ്രാസംഗികനായ മന്ത്രി കെ. രാജനോ ഈ വിഷയത്തില്‍ മറുപടി പറയാന്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് വേണുഗോപാല്‍ ചോദിച്ചു. 'പ്രമുഖ നടന് വേദനിച്ചപ്പോള്‍ മാപ്പുപറഞ്ഞ മുഖ്യമന്ത്രി, ലക്ഷക്കണക്കിന് വിശ്വാസികളുടെ ആചാരാനുഷ്ഠാനങ്ങളെ വ്രണപ്പെടുത്തിയതിന് എന്തുകൊണ്ട് മാപ്പുപറയുന്നില്ല?' - അദ്ദേഹം ചോദിച്ചു.

യുവതീപ്രവേശനത്തെ അനുകൂലിച്ച് 2007-ല്‍ വി.എസ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം മാറ്റമില്ലാതെയാണ് പിണറായി സര്‍ക്കാരും കോടതിയില്‍ നല്‍കിയത്. ഇപ്പോള്‍ മതപണ്ഡിതരുടെ അഭിപ്രായം തേടി കോടതി തീരുമാനിക്കട്ടെ എന്ന ഒളിച്ചുകളിയാണ് സര്‍ക്കാര്‍ നടത്തുന്നത്. യുവതീപ്രവേശനത്തില്‍ ഉറച്ച നിലപാട് കോടതിയില്‍ പറയാന്‍ പിണറായി വിജയന് ധൈര്യമില്ല. വിശ്വാസികളുടെ പേരില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കാനോ അവര്‍ക്കുണ്ടായ കഷ്ടനഷ്ടങ്ങള്‍ക്ക് പരിഹാരം നല്‍കാനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.

യുവതീപ്രവേശനം സ്ത്രീസ്വാതന്ത്ര്യവുമായി ചേര്‍ത്തുപിടിക്കേണ്ട ഒന്നല്ലെന്നും ക്ഷേത്രാചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നുമാണ് കോണ്‍ഗ്രസിന്റെ ഉറച്ച നിലപാട്. ഈ നിലപാട് സ്വീകരിക്കാന്‍ മുഖ്യമന്ത്രിക്ക് കെല്പുണ്ടോ? മുഖ്യമന്ത്രിയില്‍ നിന്ന് 'യേസ്' അല്ലെങ്കില്‍ 'നോ' എന്ന മറുപടിയാണ് ജനം ആഗ്രഹിക്കുന്നത്. മറുപടി ഇല്ലെങ്കില്‍ ആചാരാനുഷ്ഠാനങ്ങള്‍ക്ക് പുല്ലുവില നല്‍കുന്നവരെയും അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടവരെയും ജനങ്ങളുടെ കോടതി വിചാരണ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.