- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തകർപ്പൻ സെഞ്ചുറിയുമായി ആര്യനന്ദ; ചണ്ഡീഗഢിനെ പരാജയപ്പെടുത്തിയത് 63 റൺസിന്; അണ്ടർ15 വനിതാ ഏകദിന ടൂർണമെന്റിൽ കേരളത്തിന് മൂന്നാം ജയം
ഇൻഡോർ: അണ്ടർ 15 വനിതാ ഏകദിന ടൂർണമെൻ്റിൽ ചണ്ഡീഗഡിനെതിരെ 63 റൺസിൻ്റെ ആധികാരിക വിജയം നേടി കേരളം. ടൂർണമെൻ്റിൽ കേരളത്തിൻ്റെ ഇത് മൂന്നാം വിജയമാണ്. ആദ്യം ബാറ്റ് ചെയ്ത കേരളം 35 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 243 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡീഗഢിന് 35 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് മാത്രമാണ് നേടാനായത്. ഓപ്പണർ ആര്യനന്ദയുടെ തകർപ്പൻ സെഞ്ചുറിയുടെ മികവിലാണ് കേരളം കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 118 പന്തുകളിൽ നിന്ന് 22 ബൗണ്ടറികളും രണ്ട് സിക്സറുകളും സഹിതം 138 റൺസാണ് ആര്യനന്ദ അടിച്ചുകൂട്ടിയത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളം നിശ്ചിത 35 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 243 റൺസ് നേടി. ക്യാപ്റ്റൻ ഇവാന ഷാനിയും (1) വൈഗ അഖിലേഷും (10) വേഗം പുറത്തായെങ്കിലും, ലെക്ഷിദ ജയനുമായി ചേർന്ന് മൂന്നാം വിക്കറ്റിൽ 54 റൺസും ജുവൽ ജീൻ ജോണുമായി ചേർന്ന് നാലാം വിക്കറ്റിൽ 89 റൺസും ആര്യനന്ദ കൂട്ടിച്ചേർത്തു. ലെക്ഷിദ 29 റൺസും ജുവൽ ജീൻ ജോൺ 21 റൺസും നേടി മികച്ച പിന്തുണ നൽകി.
ചണ്ഡീഗഡിനുവേണ്ടി ഹിതൻഷി, ആയു എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 244 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ചണ്ഡീഗഡിന് 35 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് മാത്രമാണ് നേടാനായത്. ഓപ്പണർ പ്രഭ്ജ്യോത് കൗറിനെ തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും, റിയ യാദവും നവ്ജ്യോത് ഗുജ്ജറും ചേർന്ന് രണ്ടാം വിക്കറ്റിൽ 95 റൺസിൻ്റെ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി.
റിയ യാദവ് 52 റൺസും നവ്ജ്യോത് ഗുജ്ജർ 41 റൺസും നേടി. ആയു 39 റൺസുമായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. റിയ യാദവിനെയും നവ്ജ്യോത് ഗുജ്ജറിനെയും പുറത്താക്കി നിർണായകമായ രണ്ട് വിക്കറ്റുകൾ നേടിയ ആദ്യ ജിനുവാണ് ചണ്ഡീഗഡിൻ്റെ വിജയ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചത്. ആദ്യ ജിനുവിനെ കൂടാതെ പവിത്ര, ലെക്ഷിദ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.




