- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യക്കായി ബൂട്ട് കെട്ടിയത് പത്തൊമ്പതാം വയസ്സിൽ; കെഎപി നാലാം ബറ്റാലിയൻ കമാൻഡന്റ്; കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരം എ. ശ്രീനിവാസൻ അന്തരിച്ചു
കണ്ണൂർ: മുൻ ഇന്ത്യൻ ഫുട്‌ബോൾ താരവും കെഎപി നാലാം ബറ്റാലിയൻ കമാൻഡന്റുമായിരുന്ന എ. ശ്രീനിവാസൻ (53) അന്തരിച്ചു. കിഡ്‌നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരിക്കെ ബുധനാഴ്ച വൈകിട്ടായിരുന്നു അന്ത്യം. കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന കണ്ണൂർ കൊറ്റാളിക്കടുത്തുള്ള അത്താഴക്കുന്ന് സ്വദേശിയാണ്.
പത്തൊമ്പതാം വയസ്സിൽ ഇന്ത്യൻ ജൂനിയർ ഫുട്‌ബോൾ ടീമിനായി ബൂട്ടണിഞ്ഞ ശ്രീനിവാസൻ, 1990-ൽ ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടന്ന ഏഷ്യൻ യൂത്ത് ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ റൗണ്ടിൽ വടക്കൻ കൊറിയ, ഖത്തർ, ഇന്തോനേഷ്യ ടീമുകൾക്കെതിരെ ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്.
1992-ൽ കേരള പോലീസിൽ എ.എസ്.ഐ. ആയി സർവീസിൽ പ്രവേശിച്ചു. എം.എസ്.പി.യിൽ ഡെപ്യൂട്ടി കമാൻഡന്റ്, ആർ.ആർ.എഫ്., കെ.എ.പി. 1, കെ.എ.പി. 2, കെ.എ.പി. 4 എന്നിവിടങ്ങളിൽ അസിസ്റ്റന്റ് കമാൻഡന്റ് എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. കണ്ണൂർ കൊറ്റാളിക്കടുത്തുള്ള അത്താഴക്കുന്ന് സ്വദേശിയാണ് എ. ശ്രീനിവാസൻ. മൃതദേഹം വ്യാഴാഴ്ച പകൽ 12 മണിക്ക് കൊറ്റാളി സമുദായ ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.
കൊറ്റാളിയിലെ അരിങ്ങളയൻ വീട്ടിൽ ഗോപാലന്റെയും കമലയുടെയും മകനാണ്. ഭാര്യ: ബീന (പറശ്ശിനിക്കടവ് സിഎച്ച്‌സി സീനിയർ ഫാർമസിസ്‌റ്റ്). മക്കൾ: വിഷ്‌ണു (മറൈൻ എൻജിനീയറിങ് വിദ്യാർഥി), അമീഷ (ഫോറൻസിക് സയൻസ് വിദ്യാർഥി, ബംഗ്ലൂർ ക്രിസ്‌തു ജയന്തി കോളേജ്).




