കൊച്ചി: നവകേരള സദസിൽ സ്‌കൂൾ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനെതിരെ ഹൈക്കോടതി വീണ്ടും. കോടതി വിലക്കിയിട്ടും നവകേരള സദസ്സിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചത് ഗൗരവകരമെന്ന് ഹൈക്കോടതി മുന്നറിയിപ്പു നൽകി. ആവർത്തിച്ചാൽ കടുത്ത നടപടിയിലേക്ക് കടക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. നവകേരള സദസിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നത് രാഷ്ട്രീയമാണന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു.

ഇത്രയും ചെറുപ്പത്തിൽ മനസുകളിലേക്ക് രാഷ്ട്രീയം കുത്തിവക്കണ്ട. എല്ലാവർക്കും രാഷ്ട്രീയം ഉണ്ടായിക്കോളുമെന്നും കോടതി പറഞ്ഞു. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസിന്റെ ഉപഹർജിയാണ് കോടതി പരിഗണിച്ചത്. വിഷയത്തിൽ സർക്കാർ ഇതുവരെ എടുത്ത നടപടികൾ വിശദീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഹർജി അടുത്ത ആഴച്ച വീണ്ടും പരിഗണിക്കും.

മലപ്പുറം എടപ്പാളിൽ നവകേരള സദസിനെത്തിയ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അഭിവാദ്യം ചെയ്യാനായി കൊച്ചുകുട്ടികളെ ഒരു മണിക്കൂറോളം നേരം റോഡിരികിൽ നിർത്തിയതിന്റെ ദൃശ്യങ്ങളടക്കമായിരുന്നു പി.കെ.നവാസ് ഉപഹർജി സമർപ്പിച്ചത്. എടപ്പാൾ തുയ്യം ഗവൺമെന്റ് എൽപി സ്‌കൂളിലെ വിദ്യാർത്ഥികളെയാണ് ഉച്ചയ്ക്ക് ഒന്നരയോടെ റോഡരികിൽ നിർത്തിയത്. സ്‌കൂൾ ബസുകൾ നവകേരള സദസിന് വിട്ടു നൽകാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൽ ഹൈക്കോടതി സ്റ്റേ നിലനിൽക്കേയാണ് പൊന്നാനിയിൽ സ്‌കൂൾ ബസുകളിലാണ് ആളുകളെ എത്തിച്ചത്.