കൊച്ചി: മാലിന്യം തള്ളിയതിന് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ കണ്ടുകെട്ടണമെന്ന് ഉത്തരവിട്ട് കേരളാ ഹൈക്കോടതി. ഇവ വിട്ടുകൊടുക്കാന്‍ ഹൈകോടതിയുടെ അനുമതി വേണമെന്നും രണ്ടുലക്ഷം രൂപ ബാങ്ക് ഗാരന്റി കെട്ടണമെന്നുമുള്ള മുന്‍ ഉത്തരവുകള്‍ക്ക് വിരുദ്ധമായ നടപടികളുണ്ടായ സാഹചര്യത്തിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ്, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.

കണ്ടുകെട്ടലുമായി ബന്ധപ്പെട്ട അറിയിപ്പ് എല്ലാ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റുമാര്‍ക്കും നല്‍കാനും കോടതിയില്‍ ഓണ്‍ലൈനായി ഹാജരായ തദ്ദേശ സ്‌പെഷല്‍ സെക്രട്ടറി ടി.വി. അനുപമയോട് നിര്‍ദേശിച്ചു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട ഹരജികളിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.

സംസ്ഥാനത്ത് 91 കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റുകളാണ് ലക്ഷ്യമിടുന്നതെന്ന് സ്‌പെഷല്‍ സെക്രട്ടറി അറിയിച്ചു. സ്ഥലം ലഭിക്കാനുള്ള ബുദ്ധിമുട്ടും സാമ്പത്തിക പ്രതിസന്ധിയുമാണ് പ്രശ്‌നം. നാലിടത്ത് പ്ലാന്റ് തുടങ്ങി. 40 ഇടങ്ങളില്‍ സ്ഥലം കണ്ടെത്തി. മറ്റ് 47 പ്ലാന്റുകള്‍ക്ക് സ്ഥലം കണ്ടെത്താന്‍ ഏറെ പ്രയാസം നേരിടുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വിശദമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. വിഷയങ്ങള്‍ ഡിസംബര്‍ ആറിന് വീണ്ടും പരിഗണിക്കും.

ശബരിമലയില്‍നിന്ന് പമ്പയിലേക്കുള്ള നീര്‍ച്ചാലായ ഞുണങ്ങാര്‍ കക്കൂസ് മാലിന്യമടക്കം നിറഞ്ഞ അവസ്ഥയിലാണെന്ന് കോടതി പറഞ്ഞു. തീര്‍ഥാടനകാലത്തെ മാലിന്യങ്ങള്‍ പമ്പയിലൂടെ ശുദ്ധജലാശയങ്ങളില്‍ എത്താതിരിക്കാന്‍ നടപടി വേണം. ശബരിമലയിലെ മാലിന്യ സംസ്‌കരണത്തിന് സമഗ്ര പദ്ധതി തയാറാക്കുന്നതായി സ്‌പെഷല്‍ സെക്രട്ടറി അറിയിച്ചു. മൊബൈല്‍ ട്രീറ്റ്‌മെന്റ് പ്ലാന്റടക്കം പ്ലാന്‍ ചെയ്യുന്നുണ്ട്. പൂര്‍ത്തിയാകാന്‍ രണ്ടുവര്‍ഷമെടുക്കുമെങ്കിലും താല്‍ക്കാലിക നടപടികളിലൂടെ അതുവരെ പ്രശ്‌നപരിഹാരമുണ്ടാക്കുമെന്നും സ്‌പെഷല്‍ സെക്രട്ടറി അറിയിച്ചു.