തിരുവനന്തപുരം: കോവളം പനത്തുറ വേലിത്തല ജി. ജി. കോളനിയിൽ മഴയിൽ ചോർന്നൊലിക്കുന്ന ഒറ്റമുറി കെട്ടിടത്തിൽ കഴിയുന്ന അഞ്ചു കുടുംബങ്ങളുടെ ദുരവസ്ഥയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. ജില്ലാ കളക്ടർ പരാതിയെക്കുറിച്ച് പരിശോധന നടത്തി പതിനഞ്ചു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്‌സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.

മുപ്പത്തിയഞ്ചു വർഷം മുൻപ് തിരുവനന്തപുരം ജി. ജി. ആശുപത്രി ഉടമ ഡോ. ജി വേലായുധൻ നിർമ്മിച്ചു നൽകിയ പതിനാറു മുറികളുള്ള ഇരുനില കെട്ടിടമാണ് കാലപ്പഴക്കത്താൽ തകർന്നു വീഴാറായത്. കെട്ടിടത്തിന്റെ മുകൾഭാഗത്തുള്ള മേൽക്കൂര അടർന്നു വീണതോടെ പതിനൊന്നു കുടുംബങ്ങൾ ഇവിടെ നിന്നും മാറി. ശേഷിക്കുന്ന നിർധന കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.

തങ്ങളുടെ ദുരിതത്തെക്കുറിച്ച് താമസക്കാർ ഫിഷറീസ് അധികൃതരെ അറിയിച്ചിട്ടും ഫലമുണ്ടായില്ല. താമസക്കാർക്ക് ഉടമസ്ഥാവകാശം ലഭിച്ചിട്ടില്ല. സെപ്റ്റംബർ അവസാനം കമ്മീഷൻ ആസ്ഥാനത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.