- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത; തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തി വിവിധ ജില്ലകളിൽ വെള്ളിയാഴ്ച മഞ്ഞ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുൻനിർത്തിയാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
കൂടാതെ സെപ്റ്റംബർ 22, 23 തീയതികളിൽ (വെള്ളി, ശനി) സംസ്ഥാനത്തെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനിടയുണ്ടെന്നും കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പുണ്ട്. സെപ്റ്റംബർ 24, 25 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
കേരള തീരത്ത് 22-ന് രാത്രി 11.30 വരെ 1.7 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തെക്കൻ തമിഴ്‌നാട് തീരത്ത് 22-ന് രാത്രി 11.30 വരെ 1.6 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
അതേ സമയം ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഈ മാസം 28 ഓടെ രൂപപ്പെടുന്ന ന്യൂനമർദ്ദം ആന്തമാൻ നിക്കോബാർ ദ്വീപ് സമൂഹങ്ങൾക്ക് സമീപത്തായാണ് രൂപപ്പെടുക. പിന്നീട് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് സഞ്ചരിക്കുന്ന ഇത് ചുഴിക്കാറ്റായി രൂപാന്തരം പ്രാപിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. അതിനാൽ തന്നെ സംസ്ഥാനത്ത് വരും ദിവസങ്ങളിലും സജീവമായി മഴ ലഭിക്കാനുള്ള സാധ്യതയിലേക്കാണ് ഈ സാഹചര്യം വിരൽചൂണ്ടുന്നത്.
ഝാർഖണ്ഡിന് മുകളിൽ നിലവിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം ശക്തികുറഞ്ഞ് വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കും. കിഴക്കൻ ഉത്തർപ്രദേശിന്റെയും ബിഹാറിന്റെയും ഭാഗത്തേക്കായിരിക്കും അടുത്ത മൂന്ന് നാല് ദിവസത്തേക്ക് ഈ കാറ്റിന്റെ സഞ്ചാരം. ഇയാഴ്ചയുടെ അവസാനത്തോടെയാണ് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുക. ആന്ധപ്രദേശ് - ഒഡീഷ ഭാഗത്തേക്കാണ് ഈ ന്യൂനമർദ്ദത്തിന്റെ സഞ്ചാരദിശ സൂചിപ്പിക്കുന്നത്. ഇതാണ് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് ഇപ്പോൾ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.




