തിരുവനനന്തപുരം: സംസ്ഥാനത്തെ ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന സ്ത്രീകളുടെ ആത്മാഭിമാനവും അന്തസും പരിരക്ഷിക്കുന്നതിനു വേണ്ടിയുള്ള അന്തരീക്ഷം ഒരുക്കുന്നതിന് ഒത്തുചേർന്നു പ്രവർത്തിക്കണമെന്ന് വനിത കമീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി. തിരുവനന്തപുരത്ത് കമീഷൻ ആസ്ഥാനത്ത് നടന്ന രാജ്യത്തിന്റെ 77-ാംമത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ദേശീയ പതാക ഉയർത്തിയ ശേഷം സന്ദേശം നൽകുകയായിരുന്നു ചെയർപേഴ്സൺ.

ഈ രാജ്യത്ത് പിറന്നു വീണ ഓരോ പൗരനും അന്തസോടെ, ആത്മാഭിമാനത്തോടെ ജീവിക്കുന്നതിനു വേണ്ടിയുള്ള അവകാശം പരിരക്ഷിക്കപ്പെടണം. ഭരണഘടന അനുശാസിക്കുന്ന വിധത്തിൽ ബഹുസ്വരതയുടെ അന്തരീക്ഷം രാജ്യത്ത് നിലനിർത്തണം. രാജ്യം നേരിടുന്ന വെല്ലുവിളികളെ അതീജീവിക്കുന്നതിന് വിശാലമായ രാജ്യസ്നേഹത്തിന്റെ ഐക്യം ഊട്ടി ഉറപ്പിക്കണം. രാജ്യത്തിന്റെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മഹത്തായ മതേതര മൂല്യങ്ങൾ സംരക്ഷിക്കാൻ കൈകോർക്കാം.

രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങൾക്ക് അനുസരിച്ചുള്ള ഭരണ സംവിധാനം ഉയർത്തിക്കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകണം. വിശാലമായ ജനകീയ ഐക്യം ഊട്ടി ഉറപ്പിക്കുന്നതിന് രാജ്യത്തെ മുഴുവൻ പൗരന്മാരും മുന്നോട്ടു വരണമെന്നുംവകമീഷൻ ചെയർപേഴ്സൺ പറഞ്ഞു. വനിത കമ്മീഷൻ മെമ്പർ അഡ്വ. ഇന്ദിര രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വനിത കമ്മീഷൻ മെമ്പർ സെക്രട്ടറി സോണിയ വാഷിങ്ടൺ, കമീഷൻ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.