- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാലിന്യമുക്ത നവകേരളം; ജനകീയ പ്രചാരണം ഒക്ടോബര്‍ രണ്ട് മുതല്‍
മാലിന്യമുക്ത നവകേരളം; ജനകീയ പ്രചാരണം ഒക്ടോബര്‍ രണ്ട് മുതല്‍
തിരുവനന്തപുരം: മാലിന്യമുക്ത നവകേരളം ജനകീയ പ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് നടക്കും. കൊട്ടാരക്കര എല്‍ഐസി അങ്കണത്തില്‍ രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുക. മന്ത്രി കെ.എന്‍.ബാലഗോപാല്‍ അധ്യക്ഷനാകും. വിവിധ തദ്ദേശസ്ഥാപനങ്ങളിലായി 1601 പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും 203 പ്രദേശങ്ങള്‍ ശുചീകരിച്ച് സൗന്ദര്യവല്‍ക്കരിച്ചതിന്റെയും 6 ടൂറിസം കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രങ്ങളാക്കിയതിന്റെയും പ്രഖ്യാപനവും അന്നു നടക്കും.
26 ടൂറിസം കേന്ദ്രങ്ങളെ ഹരിത ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിക്കും. 160 തദ്ദേശസ്ഥാപനങ്ങളിലെ എല്ലാ സ്‌കൂളുകളെയും ഹരിത വിദ്യാലയങ്ങളായും 22 കോളജുകളെ ഹരിത കലാലയങ്ങളായും പ്രഖ്യാപിക്കും. 150 തദ്ദേശസ്ഥാപനങ്ങളിലെ ഭൂരിഭാഗം ഓഫിസുകള്‍, ബാങ്കുകള്‍, ഓഫിസ് കോംപ്ലക്‌സുകള്‍ എന്നിവയെ ഹരിത സ്ഥാപനങ്ങളാക്കി മാറ്റിയതിന്റെ പ്രഖ്യാപനമാണ് മറ്റൊരു പരിപാടി. മാലിന്യ സംസ്‌കരണ മേഖലയിലെ 257 അനുബന്ധ പ്രവര്‍ത്തനങ്ങളും ഉദ്ഘാടനം ചെയ്യും.
ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച് 2025 മാര്‍ച്ച് 30ന് 'ശൂന്യമാലിന്യ' ദിനത്തില്‍ കേരളത്തെ സമ്പൂര്‍ണ മാലിന്യമുക്തമാക്കുന്ന പ്രചാരണമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, കുടുംബശ്രീ, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതി, ക്ലീന്‍ കേരള കമ്പനി തുടങ്ങിയവ പ്രചാരണത്തിന്റെ ഏകോപനം നിര്‍വഹിക്കുമെന്ന് നവകേരളം കര്‍മപദ്ധതി സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍.സീമ അറിയിച്ചു.