- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി കടമെടുക്കാൻ വായ്പ്പാശേഷി ഉണ്ടാവില്ല; കടപ്പത്ര വിൽപ്പന നടക്കില്ല; ധനക്കമ്മിയും തുലാസ്സിലാവും; അന്താരാഷ്ട്രാ ഏജൻസിയുടെ റിപ്പോർട്ടിൽ കേരളത്തിന് 'തരം താഴ്ത്തൽ'; മുഖ്യന്റെ വിദേശ സന്ദർശനം പൊടിപൊടിക്കുമ്പോഴും കേരളത്തിന്റെ സമ്പദ്ഘടന താഴേക്ക് തന്നെ
തിരുവനന്തപുരം:വിദേശ നിക്ഷേപവും തൊഴിലവസരങ്ങളുമൊക്കെ സയഷ്ടിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ കാനഡയിലും ബ്രിട്ടനിലുമൊക്കെ കഷ്ടപ്പെട്ട് സഞ്ചരിക്കുമ്പോഴും കേരളത്തിന്റെ സമ്പദ്ഘടനയുടെ വളർച്ച താഴേക്ക് തന്നെ. ഇതിനുള്ള വ്യക്തമായ സൂചന നൽകുന്ന റിപ്പോർട്ട് അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ ഫിച്ച് റേറ്റിങ്സ് പുറത്തുവിട്ടു.ഒക്ടോബർ ആദ്യ വാരത്തിൽ പ്രസിദ്ധീകരിച്ച രേഖയിലാണ് കേരളത്തിൽ റേറ്റിങ് ഔട്ട്ലുക്ക് 'സ്റ്റേബിളിൽ(സ്ഥിരത)നിന്ന് 'നെഗറ്റീവി'ലേക്ക് മാറ്റിയത്.
ഓരോ വിലയിരുത്തലിനുമൊപ്പം മൂന്നുസൂചനകൾ (ഔട്ട്ലുക്ക്) കൂടി സാധാരണ പ്രസിദ്ധീകരിക്കാറുണ്ട്. സ്റ്റേബിൾ, പോസിറ്റീവ്, നെഗറ്റീവ് എന്നിവയാണിത്.2021-ലെ പഠനപ്രകാരം കേരളത്തിന് ലഭിച്ചത് ബി ബി സ്റ്റേബിൾ എന്ന റേറ്റിങ്ങാണ്.ഇപ്പോൾ ഇത് ബി ബി നെഗറ്റീവായാണ് മാറിയിരിക്കുന്നത്.ബജറ്റിൽ പ്രഖ്യാപനമില്ലാത്ത വായ്പകൾ എടുക്കുന്നതിന് സംസ്ഥാനത്തിനുമേൽ കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയത് വിവാദമായ സാഹചര്യത്തിലാണ് ഒരു അന്താരാഷ്ട്ര റേറ്റിങ് ഏജൻസി സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെ കുറിച്ച് പ്രതികൂലമായ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.
സമ്പദ്ഘടന ദുർബലമാണെന്ന റേറ്റിങ് സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയെ വളരെ പ്രതികൂലമായി തന്നെയാകും ഭാവിയിൽ ബാധിക്കുക.നിലവിൽ തന്നെ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.കോവിഡനന്തരം സമ്പത്മേഖല വളർച്ചകൈവരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കേരളത്തിന്റെ വായ്പശേഷി ദുർബലമായതാണ് റേറ്റിങ് നെഗറ്റീവിലേക്ക് താഴാനിടയായതെന്നാണ്ഏജൻസിയായ ഫിച്ച് വെളിപ്പെടുത്തുന്നത്.വർധിക്കുന്ന ധനക്കമ്മി ഇടക്കാലപ്രവർത്തനത്തെ സ്വാധീനിച്ചേക്കാമെന്നും ഇതു കടബാധ്യത ഉയർത്താനിടവരുത്തുമെന്നും ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സ്ഥിരതയാർന്ന വരുമാനസ്രോതസ്സുകളും ചെലവുചുരുക്കലിലൂടെയും വായ്പ വിപണിയെ ആശ്രയിച്ചും ബജറ്റ് സമ്മർദങ്ങൾ നേരിടാനുള്ള ശേഷിയും കേരളത്തിന്റെ ശക്തികളായി ഫിച്ച് രേഖപ്പെടുത്തുന്നുണ്ട്.
അന്താരാഷ്ട്രവിപണിയിൽനിന്ന് വായ്പയെടുക്കുന്നതിനാണ് ഇത്തരം ഏജൻസിയുടെ വിലയിരുത്തലുകൾ ആവശ്യം. കിഫ്ബി മസാലബോണ്ടിനുവേണ്ടി അന്താരാഷ്ട്ര വിപണിയെ സമീപിച്ചപ്പോഴാണ് ഇത് കേരളത്തിനാവശ്യമായി വന്നത്.നിലവിലെ ഫിച്ചിന്റെ തരംതാഴ്‌ത്തൽ ആഭ്യന്തരവിപണിയിൽനിന്ന് കടമെടുക്കുന്നതിനെ നേരിട്ടു ബാധിക്കാനിടയില്ലെങ്കിലും ആഭ്യന്തര റേറ്റിങ് ഏജൻസികൾ ഈ പാത സ്വീകരിച്ചാൽ കേരളത്തിന് അത് തിരിച്ചടിയാകും.
ആഭ്യന്തരവിപണിയിൽ സംസ്ഥാനം പുറപ്പെടുവിക്കുന്ന കടപ്പത്രം വാങ്ങാനെത്തുന്ന വിദേശ ധനകാര്യസ്ഥാപനങ്ങളെ (എഫ്.എഫ്.ഐ.) ഇത്തരം റേറ്റിങ്ങുകൾ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് സാമ്പത്തികവിദഗ്ധനും യൂണിവേഴ്സിറ്റി കോളേജ് അദ്ധ്യാപകനുമായ വി. നാഗരാജൻ നായിഡുവും വിലയിരുത്തുന്നു.




