തിരുവനന്തപുരം: ജലസംരക്ഷണത്തിന്റെ പ്രാധാന്യം ഓർമിപ്പിച്ച് കേരളീയത്തിലെ വിവിധ പവലിയനുകളും ഇൻസ്റ്റലേഷനുകളും. ജലസംരക്ഷണമാണ് ഈ വർഷത്തെ കേരളീയത്തിന്റെ തീം. ഈ ആശയം മുൻനിർത്തി കേരളീയം ജലസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സർക്കാരിന്റെ വിവിധ മിഷനുകളും വകുപ്പുകളും ഏജൻസികളും സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള സേവ് വാട്ടർ, സ്റ്റേ ഗ്രീൻ (ജലം സംരക്ഷിക്കൂ, ജീവിതം ഹരിതാഭമാക്കൂ) എന്ന പേരിലുള്ള പവലിയൻ സന്ദർശിക്കാൻ പുത്തരിക്കണ്ടത്തേക്ക് നിരവധി പേരാണ് എത്തുന്നത്.

ഹരിതകേരളം മിഷൻ, ഭൂജല വകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പ്, കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്‌മെമെന്റ് കോർപറേഷൻ (ജലസേചനം), ജലനിധി, കൊച്ചി വാട്ടർ മെട്രോ, കേരള വാട്ടർ അഥോറിറ്റി എന്നിവയുടെ പ്രവർത്തന മാതൃകകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

വലിപ്പമേറിയ ഇൻസ്റ്റലേഷൻ പ്രദർശനത്തിലെ ഏറെ ശ്രദ്ധയാകർഷിക്കുന്ന ഒരിനമാണ്. ജലമെട്രോ യാത്രയുടെ നേരനുഭവം പകരുന്ന കൊച്ചി വാട്ടർ മെട്രോയുടെ സ്റ്റാളാണ് സന്ദർശകരെ ഏറെ ആകർഷിക്കുന്ന മറ്റൊരിനം. ഹരിതകേരളം മിഷൻ തയാറാക്കിയിരിക്കുന്ന ഇൻസ്റ്റലേഷൻ കൊല്ലം ജില്ലയിലെ കൊട്ടാരക്കര മണ്ഡലത്തിൽ കരീപ്ര ഗ്രാമപഞ്ചായത്തിലെ ഉളകോട് ക്വാറിയിലെ ജലം കൃഷിക്കും മറ്റ് അനുബന്ധ പ്രവർത്തനങ്ങൾക്കുമായി പ്രയോജനപ്പെടുത്തുന്ന ഹരിതതീർത്ഥം പദ്ധതി ആണ്.

'ജലം ജീവനസ്യ ആധാര: .ജലം ഇല്ലാതെ ജീവനില്ല' എന്ന പേരിൽ സെൻട്രൽ സ്റ്റേഡിയത്തിൽ തയാറാക്കിയിരിക്കുന്ന ഇൻസ്റ്റലേഷനും ഏറെ ശ്രദ്ധേയമാണ്. മഴവെള്ളം സംരക്ഷിക്കുന്നതിന്റെയും മഴവെള്ള സംഭരണികൾ മുഖേന മഴവെള്ളം പുനരുപയോഗിക്കപ്പെടേണ്ടതിന്റെയും ബോധവൽക്കരണം ലക്ഷ്യമാക്കിയുള്ള ഇൻസ്റ്റലേഷൻ കനകക്കുന്ന് ഗേറ്റിൽ സ്ഥാപിച്ചിട്ടുണ്ട്. ചവിട്ടി കറക്കാൻ കഴിയുന്ന ജലചക്രത്തിന്റെ പ്രവർത്തിക്കുന്ന ഒരു മോഡലും കനകക്കുന്നിൽ സ്ഥാപിച്ചിട്ടുണ്ട്.

ഹരിത കേരളം മിഷൻ ഒരുക്കിയ കനകക്കുന്നിലെ ദ്രവമാലിന്യ സംസ്‌കരണത്തിനുള്ള തത്സമയ മലിനജല ശുദ്ധീകരണ സംവിധാനത്തിന്റെ പ്രദർശനമാണ് മറ്റൊരു ആകർഷണം. ജപ്പാൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്‌ക്വാസ് സൊലൂഷൻസ് എന്ന കേരള സ്റ്റാർട്ടപ്പ് വികസിപ്പിച്ചെടുത്തതാണ് ഈ നൂതന മാതൃക.