മലപ്പുറം: കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെഎഫ്സി) വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ചോദ്യം ചെയ്യലിന് ഹാജരാകാതെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി. അന്‍വര്‍. 12 കോടി രൂപയുടെ വായ്പ തട്ടിപ്പില്‍ നേരത്തെ നോട്ടീസ് നല്‍കിയിട്ടും ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സമയം നീട്ടിവാങ്ങിയ അന്‍വര്‍, ഇന്ന് ഹാജരാകുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇ.ഡി.ക്ക് മുന്നില്‍ എത്തിയില്ല.

കെ.എഫ്.സി. ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പി.വി. അന്‍വര്‍ വായ്പ ദുരുപയോഗം ചെയ്തതായി ഇ.ഡി. നടത്തിയ റെയ്ഡില്‍ കണ്ടെത്തിയിരുന്നു. അന്‍വറിന്റെ ഡ്രൈവറുടെയും ബന്ധുക്കളുടെയും പേരുകളിലുള്ള ബെനാമി സ്ഥാപനങ്ങള്‍ക്കാണ് കെ.എഫ്.സി.യില്‍ നിന്ന് 12 കോടി രൂപ വായ്പയായി അനുവദിച്ചത്. ഒരേ വസ്തു തന്നെ വിവിധ ഘട്ടങ്ങളിലായി പണയംവെച്ച് ഈ വായ്പകള്‍ നേടിയെടുത്തതായും അന്വേഷണത്തില്‍ വ്യക്തമായി. കെ.എഫ്.സി.യില്‍ നിന്നെടുത്ത വായ്പകള്‍ പി.വി.ആര്‍. ടൗണ്‍ഷിപ്പ് പദ്ധതിക്കായി ഉപയോഗിച്ചെന്നും ഇ.ഡി.യുടെ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ അന്‍വറിന്റെ ബെനാമികളെന്ന് സംശയിക്കുന്നവരെ കഴിഞ്ഞ ദിവസം ഇ.ഡി. ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പി.വി. അന്‍വറിന് സമന്‍സ് അയച്ചത്.