തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ്ണ ബജറ്റില്‍, നിരവധി പ്രീണന പ്രഖ്യാപനങ്ങള്‍ ഉണ്ടായിട്ടും മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരെ മാത്രം പൂര്‍ണ്ണമായി അവഗണിച്ചത് കടുത്ത വിശ്വാസവഞ്ചനയും ഗുരുതരമായ അനീതിയുമാണെന്ന് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ.

2016 മുതല്‍ നടപ്പിലാക്കേണ്ടിയിരുന്ന ശമ്പളപരിഷ്‌കരണം ഏകദേശം നാല് വര്‍ഷം വൈകി 2020 ഒക്ടോബര്‍ മാസത്തിലാണ് കഴിഞ്ഞ സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തിയത്. പ്രസ്തുത ഉത്തരവില്‍ ഉള്‍പ്പെട്ടിരുന്ന നിരവധി ഗുരുതര പാകപ്പിഴകള്‍ അന്ന് തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. നാലേമുക്കാല്‍ വര്‍ഷത്തെ ശമ്പള കുടിശ്ശിക നല്‍കാത്തതും, പ്രവേശന തസ്തികയായ അസിസ്റ്റന്റ് പ്രൊഫസര്‍ ശമ്പളം കുറച്ചതും, ആദ്യ പ്രമോഷനായ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള സേവനകാലാവധി എട്ട് വര്‍ഷമായി വര്‍ദ്ധിപ്പിച്ചതും ഉള്‍പ്പെടെയുള്ളവയായിരുന്നു പ്രധാന അപാകതകള്‍.

പ്രസ്തുത ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കപ്പെടാത്തതില്‍ പ്രതിഷേധിച്ച് 2021ല്‍ കെജിഎംസിടിഎ സമരം ആരംഭിക്കുകയും, തുടര്‍ന്ന് അന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ 2016 മുതലുള്ള ശമ്പളകുടിശ്ശിക ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പരിഹരിക്കാമെന്ന് ഉറപ്പ് നല്‍കുകയുണ്ടായി. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ക്കും നാല് ഗഡുക്കളായി ശമ്പള കുടിശ്ശിക അനുവദിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്, 2021ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി പുറത്തിറക്കുകയുണ്ടായി.

നിലവില്‍ ഭരണത്തിലുണ്ടായിരുന്ന മുന്നണി തന്നെ തുടര്‍ഭരണം നേടിയിട്ടും സാമ്പത്തിക പരാധീനത ചൂണ്ടികാണിച്ച് പ്രസ്തുത സര്‍ക്കാര്‍ ഉത്തരവ് ഇപ്പോഴത്തെ സര്‍ക്കാര്‍ മരവിപ്പിക്കുകയുണ്ടായി. എന്നാല്‍ 2025ല്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ കുടിശ്ശിക വീണ്ടും അനുവദിച്ച് പ്രാബല്യത്തില്‍ വരുത്തിയപ്പോള്‍, മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരെ നിഷ്‌കരുണം ഒഴിവാക്കുകയായിരുന്നു.

2018 ലും, 2019 ലും ഉണ്ടായ മഹാപ്രളയങ്ങള്‍, അതുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പിന്റെ നിര്‍ണായക രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, നിപ്പ, കോവിഡ് തുടങ്ങിയ മഹാമാരികളില്‍ ലോകം തന്നെ പകച്ചുനിന്ന ഘട്ടങ്ങളില്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ജീവന്‍ പണയം വെച്ച് നടത്തിയ അനന്യമായ സേവനങ്ങള്‍ ഇവയെല്ലാം 2016 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തിലാണ് എന്നത് വിസ്മരിക്കപ്പെടരുത്. ഈ കാലയളവില്‍ ഞങ്ങള്‍ക്ക് ലഭിക്കേണ്ട വളരെ ന്യായമായ ഏറ്റവും ചുരുങ്ങിയ അവകാശമാണ് നിഷേധിക്കപ്പെടുന്നത് എന്ന് ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. കോവിഡ് മഹാമാരിക്കാലത്ത് കാറ്റഗറി3 വിഭാഗത്തില്‍പ്പെട്ട, അത്യന്തം ഗുരുതരാവസ്ഥയിലുള്ളതും നിരന്തര പരിചരണം ആവശ്യവുമായ രോഗികളെയാണ് നമ്മുടെ മെഡിക്കല്‍ കോളേജുകളില്‍ ചികിത്സിച്ചിരുന്നത്. തത്ഫലമായി, വികസിത യൂറോപ്യന്‍ രാജ്യങ്ങളേക്കാള്‍ കുറഞ്ഞ കോവിഡ് മരണനിരക്ക് കൈവരിക്കാന്‍ സംസ്ഥാനത്തിന് സാധ്യമായി.

2021 ഏപ്രില്‍ മെയ് മാസങ്ങളില്‍ അന്നത്തെ സര്‍ക്കാര്‍ ഒരു കാവല്‍ സര്‍ക്കാരായി മാത്രം തുടരുന്ന അവസരത്തിലാണ് കോവിഡിന്റെ ഏറ്റവും ഭീകരമായ രണ്ടാം തരംഗം ആഞ്ഞു വീശിയത്. ആ സമയത്ത് കേരളത്തിലെ മെഡിക്കല്‍ കോളേജുകള്‍ ലോകത്തിലെ തന്നെ ഏറ്റവും അധികം രോഗികളെ ഒരേസമയം (തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാത്രം 1400 ല്‍ പരം കിടക്കകള്‍ കോവിഡ് കാറ്റഗറി 3 രോഗികള്‍ക്ക് മാറ്റിവെച്ചിരുന്നു) ചികിത്സിച്ച സ്ഥാപനങ്ങളായിരുന്നു. 2016 - 2021 കാലയളവില്‍ ഉണ്ടായ ദുരന്തങ്ങളും മഹാമാരികളും ആരോഗ്യവകുപ്പ് ജീവനക്കാരുടെയും വിശിഷ്യ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെയും കഠിനമായ പ്രയത്‌നത്തിന്റെയും ത്യാഗത്തിന്റെയും കൂടെ പശ്ചാത്തലത്തില്‍ ഫലപ്രദമായ ക്രൈസിസ് മാനേജ്‌മെന്റ് നടത്തുന്ന സര്‍ക്കാര്‍ എന്നത് മുഖവിലക്കെടുത്താണ് തുടര്‍ഭരണം ലഭ്യമായത് എന്ന് മറ്റൊരു തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സമയത്തെങ്കിലും ഓര്‍ക്കേണ്ടതാണെന്ന് കെജിഎം സിടിഎ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

2021-ല്‍ ചുമതലയേറ്റ ഇപ്പോഴത്തെ സര്‍ക്കാര്‍ കഴിഞ്ഞ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ നാളിതുവരെയും വേണ്ട രീതിയില്‍ പരിഗണിക്കുകയോ പരിഹരിക്കാനുള്ള ഇടപെടലുകളോ നടത്തിയിട്ടില്ല. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ബഡ്ജറ്റ് ഡോക്ടര്‍മാര്‍ നിരന്തരം ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങള്‍ ഒന്നും പരിഗണിച്ചിട്ടില്ല എന്നതിനാല്‍ അവഗണയുടെ തുടര്‍ക്കഥയായി മാറിയിരിക്കുകയാണ്. മറ്റു വിഭാഗം ജീവനക്കാര്‍ക്ക് കൃത്യസമയത്ത് തന്നെ ശമ്പള പരിഷ്‌കരണങ്ങള്‍ നടപ്പിലാക്കുകയും കുടിശിക ഉള്‍പ്പെടെ നല്‍കുകയും ചെയ്യുന്ന സാഹചര്യത്തിലും മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരോട് ഉപകാരസ്മരണ ഇല്ലാതെ കറിവേപ്പിലയുടെ സ്ഥാനം പോലും നല്‍കി പരിഗണിക്കാതിരിക്കുന്നതില്‍ സര്‍ക്കാരിന് സ്വയം ഈര്‍ഷ്യ അനുഭവപ്പെടാത്തത് അത്ഭുതം ഉളവാക്കുന്നു.

മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ തിരഞ്ഞെടുപ്പില്‍ നിര്‍ണായക സ്വാധീനം ചെലുത്തുന്ന വലിയൊരു വോട്ട് ബാങ്ക് അല്ല എന്ന വിലയിരുത്തല്‍ ആവാം ഈ നന്ദികേടിന് പിന്നിലെ പ്രധാന കാരണം. പക്ഷേ ജനലക്ഷങ്ങളുടെ വോട്ടിന്മേല്‍ സ്വാധീനം ചെലുത്തുവാന്‍ മഹാമാരികളുടെയും പ്രളയത്തിന്റെയും കാലയളവില്‍ ഇതേ ഡോക്ടര്‍മാര്‍ സര്‍ക്കാരിന് നേടിക്കൊടുത്ത പ്രശസ്തി കാരണമായി എന്നത് വിസ്മരിക്കാന്‍ പാടില്ല. ഡോക്ടര്‍മാര്‍ രാപ്പകല്‍ ഉറക്കമില്ലാതെ സ്വന്തം ആരോഗ്യവും ജീവനും അപകടത്തില്‍ ആക്കി കൊണ്ടുപോലും പോരാടിയത് പൊതു സമൂഹത്തിനു വേണ്ടിയായിരുന്നു എന്നതിനാല്‍ ഇത് ചോദ്യം ചെയ്യേണ്ടത് പൊതുസമൂഹം തന്നെയാണ്. ഇതില്‍ മാധ്യമങ്ങള്‍ക്കും പ്രധാന പങ്കുവഹിക്കേണ്ടത് ഉണ്ട് എന്നത് സാമാന്യനീതി മാത്രമാണ്. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ബഡ്ജറ്റില്‍ പോലും ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ ഒന്നും പരിഗണിച്ചിട്ടില്ല എന്നതിനാല്‍ ഡോക്ടര്‍മാര്‍ നേടിക്കൊടുത്ത പ്രശസ്തിയുടേയും കൂടെ പേരില്‍ കേരളത്തില്‍ ആദ്യമായി തുടര്‍ ഭരണത്തോടെ അധികാരത്തില്‍ വന്ന സര്‍ക്കാരിന്റെ അവസാനത്തെ ബഡ്ജറ്റ് കേരളം കണ്ട ഏറ്റവും നന്ദികെട്ട ബഡ്ജറ്റ് എന്ന വിശേഷണം അര്‍ഹിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ശമ്പളപരിഷ്‌കരണ കുടിശ്ശിക നല്‍കുവാന്‍ ഉത്തരവിറക്കുകയും അധികാരത്തില്‍ വന്നശേഷം അത് നീട്ടി വയ്ക്കുകയും അവസാന ബഡ്ജറ്റില്‍ പോലും ഉള്‍പ്പെടുത്താതിരിക്കുകയും ചെയ്തതിനാല്‍ വഞ്ചനയുടെ നിറം കൂടി പേറുന്ന ബജറ്റ് ആണിത്.

മറ്റു പല രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും കോവിഡ് മഹാമാരിയുടെ സമയത്ത് ഡോക്ടര്‍മാര്‍ക്ക് അധിക സാമ്പത്തിക അനുകൂല്യങ്ങള്‍ പ്രത്യേകമായി അനുവദിച്ചിരുന്നു. അവിടുത്തെ ഭരണകര്‍ത്താക്കള്‍ അഭിമാനത്തോടെ ചെയ്ത പ്രവര്‍ത്തിയാണ് അത്. ഇവിടെ അങ്ങനെയൊന്നും ഇല്ലായിരുന്നിട്ട് കൂടി ഈ സാഹചര്യത്തില്‍ ജനങ്ങളെയും രാജ്യത്തെയും രക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണ് എന്ന ഉത്തരവാദിത്വബോധത്തോട് കൂടി പൊതുജന സേവനാര്‍ത്ഥം ഊണും ഉറക്കവുമില്ലാതെ സ്വജീവന്‍ തൃണവത്ഗണിച്ച് പ്രയത്‌നിച്ച ഡോക്ടര്‍മാര്‍ക്ക് അതൊന്നുമില്ലാതെ തന്നെ അവര്‍ മറ്റേതൊരു ജീവനക്കാരെയും പോലെ സ്വാഭാവികമായി അര്‍ഹതപ്പെട്ടിരുന്ന ശമ്പളപരിഷ്‌കരണത്തിന്റെ കുടിശിക പോലും നല്‍കാത്തത് അനീതിയുടെ മകുടോദാഹരണമാണ്. മറ്റു ഗവണ്‍മെന്റ് ജീവനക്കാര്‍ ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ വീട്ടിലിരുന്നപ്പോള്‍ ആണ് ഡോക്ടര്‍മാര്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചതെന്നും, എങ്കില്‍പോലും ഗവണ്‍മെന്റ് ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ കുടിശ്ശിക പൂര്‍ണ്ണമായി നല്‍കുവാന്‍ തീരുമാനിച്ചിട്ടും മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരെ അവഗണിച്ചു എന്നതും ശ്രദ്ധേയമാണ്.

2016 മുതല്‍ ഉള്ള ശമ്പള പരിഷ്‌കരണ കുടിശ്ശികയാണ് ഇതുവരെ നല്‍കിയിട്ടില്ലാത്തതെന്നും, 2016ലെ തന്നെ ശമ്പളപരിഷ്‌കരണത്തിലെ അപാകതയാണ് ഇതുവരെ പരിഹരിച്ചിട്ടില്ലാത്തതെന്നും ഉള്ളത് കൂടുതല്‍ പ്രസക്തമാകുന്നത് 2026 ആയതോടുകൂടി പത്തുവര്‍ഷം കൂടുമ്പോഴുള്ള അടുത്ത ശമ്പളപരിഷ്‌കരണത്തിന് ഇപ്പോള്‍ തന്നെ അര്‍ഹതയായി കഴിഞ്ഞു എന്നതുകൂടി പരിഗണിക്കുമ്പോഴാണ്.

മെഡിക്കല്‍ കോളജുകളുടെ സമഗ്ര വികസനത്തിനായി ഈ ബഡ്ജറ്റില്‍ പര്യാപ്തമായ ഒരു കാഴ്ചപ്പാട് ഇല്ലെന്നതും രോഗി ബാഹുല്യത്തിന് അനുസരിച്ച് ആവശ്യമുള്ളത്ര ഡോക്ടര്‍ തസ്തികകള്‍ സൃഷ്ടിച്ച് രോഗിപരിചരണം സുഗമമാക്കാനുള്ള കൃത്യമായ നടപടികള്‍ ഇല്ലെന്നതും ഖേദകരമാണ്.

കഴിഞ്ഞ 7 മാസമായി പ്രത്യക്ഷ സമര പരിപാടികളുമായി രോഗികളെ പരമാവധി ബുദ്ധിമുട്ടിക്കാതെ ഞങ്ങള്‍ മുന്നോട്ട് പോയിട്ടും ശത്രുതാപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് ഇന്ന് പ്രഖ്യാപിച്ച ബഡ്ജറ്റില്‍ കൂടി ആവര്‍ത്തിച്ച് വെളിവാക്കപ്പെട്ടിരിക്കുകയാണ്.

ഇന്നത്തെ ബഡ്ജറ്റില്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ പരിഗണിക്കാത്തതില്‍ കെജിഎം സി ടി എ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും കൂടുതല്‍ ശക്തമായ സമര പരിപാടികളിലേക്ക് പ്രവേശിക്കുകയും ചെയ്യുമെന്ന് അറിയിച്ചുകൊള്ളുന്നു.

ഇത് കേവലം ഡോക്ടര്‍മാരുടെ മാത്രം ആവശ്യമല്ല എന്നും യോഗ്യരായ യുവ ഡോക്ടര്‍മാര്‍ മികച്ച സേവന വേതന വ്യവസ്ഥകളുടെ അഭാവത്തില്‍ മെഡിക്കല്‍ കോളജുകളില്‍ ചേരാതിരിക്കുകയോ ഉപേക്ഷിച്ചു പോവുകയോ ഒക്കെ ചെയ്യുന്നതിനാല്‍ മെഡിക്കല്‍ കോളേജുകളുടെ ഭാവിയെ തന്നെ ബാധിക്കുന്ന വിഷയമായതിനാലും പൊതുജനങ്ങളെയും കൂടി പിന്തുണ അഭ്യര്‍ത്ഥിക്കുന്നു. ഐ എം എ, കെ ജി എം ഓ എ, കെ ജി ഐ എം ഒ എ, പിടിഎ, ഡോക്ടേഴ്‌സ് അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ ഇക്വിറ്റി, എന്നീ സംഘടനകളെ കൂടാതെ മെഡിക്കല്‍വിദ്യാര്‍ഥികളും, എസ്എഫ്‌ഐ, കെഎസ്യു എന്നീ വിദ്യാര്‍ത്ഥി സംഘടനകളും പിജി അസോസിയേഷനും സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് കെജിഎംസിറ്റിഎ സംസ്ഥാന സമിതിക്കു വേണ്ടി സംസ്ഥാന പ്രസിഡന്റ് ഡോ. റോസ്‌നാരാ ബീഗം ടി, ജനറല്‍ സെക്രട്ടറി ഡോ. അരവിന്ദ് സി എസ് എന്നിവര്‍ അറിയിച്ചു.