തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ കോൺഗ്രസ് സംഘടനയ്ക്കു പുറമേ കോൺഗ്രസ് അനുകൂല സർവീസ് സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയനും പിളർപ്പിലേക്ക്. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലുണ്ടായ തർക്കമാണ് പിളർപ്പിന് കാരണം.

സംഘടനാപരമായ പ്രശ്‌നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാന, ജില്ലാതല യോഗങ്ങൾ അനുമതിയോടെ മാത്രം നടത്തിയാൽ മതിയെന്ന് കെപിസിസി. നിർദ്ദേശം നൽകിയിരുന്നു. ഇതവഗണിച്ചുകൊണ്ട് പാലക്കാട് ടൗൺഹാളിൽ തിങ്കളാഴ്ച യോഗം ചേരാൻ ഒരുവിഭാഗം തീരുമാനിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, എതിർവിഭാഗവും സംസ്ഥാന കൗൺസിൽ വിളിച്ചുകൂട്ടാൻ അനുമതി തേടിയിട്ടുണ്ട്.

കെപിസിസി. നേതൃത്വം ഇടപെട്ടില്ലെങ്കിൽ സംഘടന പിളർപ്പിലേക്കു നീങ്ങാനാണ് സാധ്യത. പ്രശ്‌നത്തിൽ ഇടപെടണമെന്ന് പ്രസിഡന്റ് ഡോ. മനോജ് ജോൺസൺ കെപിസിസി.യോട് ആവശ്യപ്പെട്ടു.